കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ സാലിം മേഖലയിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ 48 വ്യാപാര നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിച്ചു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിലക്കയറ്റവും വ്യാപാര തട്ടിപ്പുകളും തടയുന്നതിനുമാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം, മുബാറക് അൽ കബീർ ഗവർണറേറ്റ് സുരക്ഷാ വിഭാഗം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ അടിയന്തര പരിശോധനാ സംഘങ്ങളുടെ മേൽനോട്ടത്തിൽ സബാഹ് അൽ സാലിമിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

സാധനങ്ങളുടെ വില പ്രദർശിപ്പിക്കുന്നതിലെ ക്രമക്കേടുകൾ, പ്രഖ്യാപിത വിലകൾ പാലിക്കാതിരിക്കൽ, ഭക്ഷ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളുടെ അപാകതകൾ, ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിലെ ലംഘനങ്ങൾ എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന പരിഗണന നൽകിയത്.

വ്യാപാര സ്ഥാപനങ്ങൾ നിയമങ്ങളും സർക്കാർ നിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വിപണിയിലെ അനധികൃത പ്രവർത്തനങ്ങൾ തടയാനും പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പരിശോധനയിൽ കണ്ടെത്തിയ 48 നിയമലംഘനങ്ങൾക്ക് ഔദ്യോഗിക രേഖകൾ തയ്യാറാക്കി തുടർനടപടികൾ സ്വീകരിച്ചു. ഉപഭോക്താക്കൾക്ക് സുരക്ഷിതവും സുതാര്യവുമായ വ്യാപാരാന്തരീക്ഷം ഉറപ്പാക്കുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യം.