കുവൈത്ത് സിറ്റി: കുവൈത്തും ഫ്രാൻസും തമ്മിലുള്ള ആരോഗ്യരംഗത്തെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദിയും കുവൈത്തിലെ ഫ്രഞ്ച് അംബാസഡർ ഒലിവിയർ ഗൗവിനും തമ്മിൽ ചർച്ച ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സൗഹൃദബന്ധം ആരോഗ്യരംഗത്തേക്കും കൂടുതൽ വ്യാപിപ്പിക്കുന്നതിനും ചികിത്സാ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സാധ്യതകളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും പരിഗണിച്ചത്.

ആരോഗ്യപരിചരണ രംഗത്തെ അനുഭവങ്ങളും വൈദ്യശാസ്ത്ര അറിവുകളും പരസ്പരം കൈമാറുക, ആരോഗ്യസേവനങ്ങളുടെ വികസനത്തിന് സഹായകരമായ പുതിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

ആരോഗ്യരംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾക്കനുസരിച്ച് ചികിത്സാ സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ആരോഗ്യസ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യം നൽകി.

കുവൈത്തും ഫ്രാൻസും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യരംഗത്തെ സംയുക്ത പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും വ്യക്തമാക്കി. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി തുടർച്ചയായ ഏകോപനവും ആശയവിനിമയവും ഉറപ്പാക്കാനും ധാരണയായി.