കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന് ഫ്രാൻസിന്റെ പരമോന്നത ദേശീയ ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ' സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.

ബയാൻ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഫ്രഞ്ച് പ്രസിഡന്റ് കുവൈത്ത് അമീറിനെ ബഹുമതി നൽകി ആദരിച്ചത്.

ഫ്രാൻസിന്റെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതിയായ ലീജിയൻ ഓഫ് ഓണറിലെ പരമോന്നത ഗ്രേഡാണ് ഗ്രാൻഡ് ക്രോസ്. ഫ്രാൻസും കുവൈത്തും തമ്മിലുള്ള സഹകരണബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ ബന്ധം വിപുലീകരിക്കുന്നതിനും അമീർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി നൽകിയത്.

രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, പ്രതിരോധം, സാംസ്കാരിക സഹകരണം തുടങ്ങിയ മേഖലകളിൽ കുവൈത്തും ഫ്രാൻസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ഇരുരാജ്യങ്ങളുടെയും താൽപര്യത്തിന്റെ പശ്ചാത്തലത്തിലാണ് ബഹുമതി കൈമാറ്റം നടന്നത്.

കുവൈത്ത് അമീർ ഫ്രഞ്ച് പ്രസിഡന്റിന് മുബാറക് അൽ കബീർ ബഹുമതി സമ്മാനിച്ചതിന് പിന്നാലെയാണ് മാക്രോൺ അമീറിനെ ഫ്രാൻസിന്റെ പരമോന്നത ദേശീയ ബഹുമതി നൽകി ആദരിച്ചത്.

ഇരുരാജ്യങ്ങളുടെയും ഏറ്റവും ഉയർന്ന ദേശീയ ബഹുമതികളുടെ പരസ്പര കൈമാറ്റം കുവൈത്ത്–ഫ്രാൻസ് സൗഹൃദബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായി ചടങ്ങ് അടയാളപ്പെടുത്തി.