കുവൈത്ത് സിറ്റി: രാജ്യത്ത് മഴക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. വിവിധ സർക്കാർ വകുപ്പുകളുടെയും സുരക്ഷാ വിഭാഗങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രത്യേക ഏകോപന യോഗം സംഘടിപ്പിച്ചു.

സിവിൽ ഡിഫൻസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ജാസിം അൽ മൻസൂരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ മുൻകൂട്ടി വിലയിരുത്തുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രവർത്തന ഏകോപനം ശക്തിപ്പെടുത്തുന്നതിനുമാണ് യോഗം ചേർന്നത്.

കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് യോഗത്തിൽ പരിശോധിച്ചു. മഴക്കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ, ശക്തമായ മഴയെ തുടർന്നുണ്ടാകാവുന്ന അടിയന്തര സാഹചര്യങ്ങൾ, രക്ഷാപ്രവർത്തനങ്ങൾക്കുള്ള സാങ്കേതിക സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി എന്നിവയെക്കുറിച്ചും വിശദമായ ചർച്ച നടന്നു.

അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും വിവിധ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങളും യോഗം വിലയിരുത്തി. മഴക്കാലത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിനായി മുൻകരുതൽ സംവിധാനങ്ങൾ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാൻ എല്ലാ വിഭാഗങ്ങളും സജ്ജമായിരിക്കണമെന്നും അടിയന്തര സന്ദേശങ്ങൾ ലഭിച്ചാലുടൻ രക്ഷാപ്രവർത്തനങ്ങൾ ഏകോപിതമായി ആരംഭിക്കണമെന്നും യോഗത്തിൽ ഊന്നൽ നൽകി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ പൊതുസുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മഴക്കാല മുന്നൊരുക്കങ്ങൾക്ക് മുൻഗണന നൽകും.