കുവൈത്ത് സിറ്റി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച കുവൈത്തിലെത്തി. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ഫ്രഞ്ച് പ്രസിഡന്റിനെ ഔദ്യോഗികമായി സ്വീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റിനൊപ്പം ഉന്നതതല ഔദ്യോഗിക പ്രതിനിധിസംഘവും കുവൈത്തിലെത്തിയിട്ടുണ്ട്.

കുവൈത്തും ഫ്രാൻസും തമ്മിലുള്ള നയതന്ത്രബന്ധവും സാമ്പത്തിക, പ്രതിരോധ, നിക്ഷേപ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി, വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണ പദ്ധതികൾ, പുതിയ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും.

2025 ജൂലൈയിൽ കുവൈത്ത് അമീർ ഫ്രാൻസിൽ നടത്തിയ സന്ദർശനത്തിനിടെ 2025 മുതൽ 2035 വരെയുള്ള കാലയളവിലേക്കുള്ള തന്ത്രപ്രധാന നിക്ഷേപ പങ്കാളിത്തവും സാംസ്കാരിക സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ധാരണകളിൽ ഇരുരാജ്യങ്ങളും എത്തിയിരുന്നു. ഈ ധാരണകളുടെ തുടർച്ചയായാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ കുവൈത്ത് സന്ദർശനം.

കുവൈത്തും ഫ്രാൻസും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 65-ാം വാർഷികം ആഘോഷിക്കുന്ന വർഷത്തിലാണ് മാക്രോൺ കുവൈത്തിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള അവസരമായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്.