കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കുവൈത്തിന്റെ പരമോന്നത ദേശീയ ബഹുമതികളിലൊന്നായ 'മുബാറക് അൽ കബീർ' കോളർ സമ്മാനിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്.

ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെ ബയാൻ കൊട്ടാരത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഫ്രഞ്ച് പ്രസിഡന്റിനെ അമീർ ആദരിച്ചത്.

കുവൈത്തും ഫ്രാൻസും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിലും ഫ്രഞ്ച് പ്രസിഡന്റ് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി സമ്മാനിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല നയതന്ത്രബന്ധത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതീകമായാണ് ബഹുമതി കൈമാറ്റത്തെ വിലയിരുത്തുന്നത്.

കുവൈത്ത് അമീറും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയും ബഹുമതി സമ്മാനച്ചടങ്ങും ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിലെ സുപ്രധാന സംഭവമായി.