വയോജനങ്ങള്‍ അനാഥത്വത്തിലേക്ക് പുറംതള്ളപ്പെടുന്ന ഗതികെട്ട കാലത്തിന് ആശ്വാസമായി വി.ഡി.സതീശന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നിയമസംവിധാനം എന്തുകൊണ്ടും ശ്ലാഘനീയമാണ്. മക്കളെ വളര്‍ത്തി വലുതാക്കി അസ്തിത്വവും വ്യക്തിത്വവും ഊട്ടിയുറപ്പിച്ച് തന്‍കാര്യപ്രസക്തരാക്കിയശേഷം മക്കളാല്‍ നടതള്ളപ്പെടുന്ന മാതാപിതാക്കന്മാരുടെ തോരാകണ്ണീരിന്‍റെ കഥ ശാപമായി തുടരുന്ന സാമൂഹിക ചുറ്റുപാടില്‍ വയോജനക്ഷേമബില്ലിന്‍റെ പ്രസക്തി ഏതാനും വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. വാര്‍ദ്ധക്യമെപ്പോഴും പരിക്ഷീണാവസ്ഥയുടെ കാലമാണ്. യൗവനത്തിന്‍റെ സകല പച്ചപ്പുകളും ഊര്‍ജ്ജവും മക്കളുടെ ഉന്നമനം ലക്ഷ്യമാക്കി ചെലവഴിച്ചശേഷം ഇല വാടുമ്പോള്‍, പഴുക്കുമ്പോള്‍, രോഗം വന്നു തളര്‍ത്തുമ്പോള്‍ മക്കള്‍ നിര്‍ദ്ദാക്ഷിണ്യം ദയാരഹിതമായി ഉപേക്ഷിക്കുന്ന അച്ഛനമ്മമാരുടെ ദുരവസ്ഥ എന്തെന്ന് ആര്‍ക്കും ചിന്തിക്കാവുന്നതാണ്. ഇത് കേരളത്തിലെ മാത്രം സ്ഥിതിവിശേഷമല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇത്തരം ഒരു ദുരന്തസാഹചര്യം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. പക്ഷെ അവിടങ്ങളില്‍ ഒരു ഭരണാധികാരിക്കും ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറം വയോജനങ്ങളുടെ സങ്കടമനസ്സ് തിരിച്ചറിയാന്‍ കഴിഞ്ഞതും ആ അനീതിയെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുകയും ചെയ്തിടത്താണ് സതീശന്‍ സര്‍ക്കാരിന്‍റെ വിജയം. സകലമാന സ്വത്തുക്കളും പല സന്ദര്‍ഭങ്ങളിലായി സ്വന്തമാക്കിയശേഷം ശത്രുതാമനോഭാവത്തോടെ അച്ഛനമ്മമാരോട് പെരുമാറുന്ന മക്കളുടെയും മരുമക്കളുടെയും നാടായി കേരളം മാറിയിട്ട് ദശകങ്ങള്‍തന്നെയായി. വീടിന്‍റെ അകത്തളങ്ങളില്‍ ജയിലിനുതുല്യം, യാതൊരു സ്വാതന്ത്ര്യവുമില്ലാതെ ജീവച്ഛവങ്ങളെപ്പോലെ കഴിയുന്ന ചില അച്ഛന്മാരെ, അമ്മമാരെ എനിക്ക് നല്ല പരിചയമുണ്ട്. അതുപോലെ അവരെ ഒന്ന് ഒഴിവാക്കിക്കിട്ടാന്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന മക്കളെയും മരുമക്കളെയും. മക്കളുടെ ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കും അവര്‍ കൃത്യമായി സൃഷ്ടിക്കുന്ന അനാവശ്യതിരക്കും വീടിനെ ഒരു സംഘര്‍ഷയിടമാക്കുമ്പോള്‍ അമൃതതുല്യമായ നന്മയുടെ, കരുണയുടെ ഒരു തേന്‍ വാക്ക് മക്കളില്‍ നിന്ന് കേള്‍ക്കാന്‍ കൊതിച്ച്, അത് ലഭിക്കാതെ വരുമ്പോള്‍ യാതൊരു ലക്ഷ്യവുമില്ലാതെ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പുറപ്പെടുന്ന പല അച്ഛന്മാരുടെയും അമ്മമാരുടെയും നാടുകൂടിയാണ് കേരളം. വീട് ആശ്വാസത്തിന്‍റെ ഇടമാകുന്നതിനുപകരം കലാപഭൂമിയാകുമ്പോള്‍ ഇതല്ലാതെ മറ്റൊരുവഴി അവര്‍ക്കു മുന്നില്‍ കാണില്ല. പിന്നീട് വൈകിട്ട് പ്രാഞ്ചി പ്രാഞ്ചിയാകും വീടണയുക. വന്നാല്‍ വീടിന്‍റെ ഏതെങ്കിലും ഇരുള്‍മൂലയില്‍ ഒതുങ്ങിക്കൂടും. വല്ലതും കൊടുത്താല്‍ കഴിക്കും. പരുഷവാക്കുകളുടെ അഭിഷേകവും അതോടൊപ്പം ഉണ്ടാകും. അങ്ങനെ ജീവിതം മടുത്ത ഒരാളെയും എനിക്കറിയാം. അയാള്‍ എല്ലാദിവസവും യാത്ര പുറപ്പെടും. തെല്ലകലെയുള്ള ബസ് സ്റ്റാന്‍ഡിലേക്കാകും യാത്ര. കൈയില്‍ എന്തെങ്കിലും പൊതിയുണ്ടാകും. അതെന്താണെന്ന് ആര്‍ക്കും അറിയില്ല. അത് മാറത്തടക്കിപ്പിടിച്ച് സ്റ്റാന്‍റിലെ ഏതെങ്കിലും കസേരയില്‍ ഇരിപ്പുറപ്പിക്കും. എങ്ങോട്ടും യാത്ര ചെയ്യാനില്ലാത്ത യാത്രക്കാരനെപ്പോലെ ആ ഇരിപ്പ് സന്ധ്യവരെ തുടരും. ഇതിനിടെ പലവട്ടം മുറിയുന്ന ഉറക്കം കൂട്ടിനുണ്ടാകും. ഇപ്പോള്‍ അയാളെ അങ്ങനെ കാണാറില്ല, ചിലപ്പോള്‍ കാലത്തിന്‍റെ കരുണകൊണ്ട് അവസാനത്തെ യാത്രയ്ക്ക് ഇതിനകം അയാള്‍ പൊയ്പ്പോയിട്ടുണ്ടാകും. ഇതാണ് വര്‍ത്തമാനകാലത്തെ ഒരച്ഛന്‍റെ ഉദാഹരണം. ഇതുപോലെ ഒരുപാട് അച്ഛന്മാര്‍ പല ദേശങ്ങളിലുണ്ടാകും. തന്‍റെ അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത വീട്ടില്‍ ജീവിത സായന്തനത്തില്‍ ഒന്നു വിശ്രമിക്കാന്‍ ഇടമില്ലാതെ തെരുവില്‍ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട അച്ഛന്മാര്‍....അമ്മമാര്‍ ഇവിടെ അവരെ അങ്ങനെ വിധിച്ചത് മറ്റാരുമല്ല വിവരദോഷികളായ മക്കളാണ്. ഇനി വേറെ ചില മക്കളുണ്ട്. സന്തോഷത്തോടെ അച്ഛനെ അല്ലെങ്കില്‍ അമ്മയെ കൂട്ടിക്കൊണ്ട് കാറില്‍ ഏതെങ്കിലും തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് പുറപ്പെടും. എന്നിട്ട് അവരെ അക്കൂട്ടത്തില്‍ ഒറ്റപ്പെടുത്തി ഉടന്‍ വരാമെന്ന് പറഞ്ഞ് സ്ഥലം വിടും. അമ്മയോ അച്ഛനോ ഏറെനേരം മക്കളെ കാത്തിരുന്ന് വിഷമിച്ച് ജനക്കൂട്ടത്തില്‍ വിലാസമില്ലാത്തവരായി ഒഴുകി നടന്ന് ഒടുവില്‍ എവിടെങ്കിലും അനാഥശവമായി വീണടിയും. ഇനി മറ്റൊരു കൂട്ടരുണ്ട്. വമ്പിച്ച ആര്‍ഭാടത്തോടെ എഴുന്നള്ളിച്ച് എന്തെങ്കിലും തുക കൊടുത്ത് ഏതെങ്കിലും വൃദ്ധസദനത്തില്‍ എത്തിക്കും. അമ്മേ....അച്ഛാ... ഞങ്ങള്‍ ഇടയ്ക്കിടെ വന്നു കണ്ടുകൊള്ളാം എന്നുപറഞ്ഞുകൊണ്ടായിരിക്കും കൂട്ടിക്കൊണ്ടുപോകുന്നത്. ദോഷം പറയരുത് ആദ്യമാദ്യം അങ്ങനെ നടക്കുമെങ്കിലും മക്കളെ കണ്ടിട്ട് വര്‍ഷങ്ങളായ പല മാതാപിതാക്കള്‍ ഇപ്പോഴും വൃദ്ധസദനങ്ങളിലുണ്ട്. അവരില്‍ പലരും ഇതിനകം മരിച്ചുപോയിട്ടുമുണ്ട്.

ഇങ്ങനെയുള്ള നീതിരഹിതമായ നടപടികള്‍ക്ക് തടയിടുക എന്ന ലക്ഷ്യമാണ് വയോജന ക്ഷേമബില്ലിലുള്ളത്. മുതിര്‍ന്ന പൗരന്മാരെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ബില്ലിലുള്ളത്. ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍, നിയമപരമായ അവകാശികള്‍ എന്നിവര്‍ പരിചരണ സ്ഥലത്തോ, മറ്റേതെങ്കിലും സ്ഥലത്തോ മുതിര്‍ന്നവരെ അവരുടെ അനുമതിയില്ലാതെ എത്തിക്കുന്നത് കുറ്റകരമാകുന്ന 'മുതിര്‍ന്ന പൗരന്മാരുടെ (പരിചരണവും അവകാശസംരക്ഷണവും) ബില്‍' വി.ഡി.സതീശന്‍ സര്‍ക്കാരിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിപ്പിടിക്കുന്നു. ഇത് ഒറ്റപ്പെട്ടുപോകുന്ന വൃദ്ധമാനസങ്ങള്‍ക്ക് ആശ്വാസത്തിന്‍റെ പുനരുജ്ജീവനത്തിന്‍റെ അമൃതായി തീരുകയും ചെയ്തിരിക്കുന്നു.

വാല്‍ക്കഷണം:

വയോജനങ്ങളെയും വൃദ്ധജനങ്ങളെയുംകുറിച്ച് ചിന്തിച്ചപ്പോഴാണ് മറ്റൊരുകാര്യം ഓര്‍മ്മയില്‍ വരുന്നത്. ഒട്ടുമിക്ക വൃദ്ധസദനങ്ങളും പ്രാരാബ്ധത്തിന്‍റെ നടുവില്‍ നിന്നാണ് കാരുണ്യപ്രവര്‍ത്തനം തുടങ്ങിയതെങ്കിലും പിന്നീട് ആ വ്യക്തികള്‍, സംഘടനകള്‍, കോടികളുടെ ആസ്തി ഉള്ളവരായി തീര്‍ന്നിരിക്കുന്നു എന്നത് നിഷേധിക്കാന്‍ കഴിയില്ല. അതുകൊണ്ട് സ്നേഹപരിചരണത്തിനുവേണ്ടി സന്മനസ്സുകള്‍ കനിഞ്ഞുനല്‍കുന്ന അളവില്ലാത്ത തുകകള്‍ സ്വന്തം പേരില്‍ വകമാറ്റുന്നുണ്ടോ എന്നൊരു അന്വേഷണം കൂടി ഈ ബില്ലിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്. കാരണം സീറോയില്‍ നിന്ന് വൃദ്ധപരിചരണം നടത്തിയ പലരും ഇന്ന് കോടീശ്വരന്മാരാണ്. ചില കെട്ടിടങ്ങള്‍ അവിടവിടെ നിര്‍മ്മിച്ച് കാട്ടി സ്നേഹക്കൂറ് കാട്ടുന്നുണ്ടെങ്കിലും അവരുടെ വ്യക്തിപരമായ ആസ്തി ഇപ്പോള്‍ വാനം മുട്ടെ ആയിരിക്കുന്നു. വൃദ്ധജന പരിചരണത്തോടൊപ്പം കോടികള്‍ കൊയ്യുന്ന ബിസിനസ്സായി ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ തരംതാഴ്ന്നിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അവിടെയാണ് സര്‍ക്കാരിന്‍റെ ശ്രദ്ധ അത്യാവശ്യമായി വേണ്ടത്. കാരുണ്യപ്രവര്‍ത്തനത്തിന്‍റെ മറവില്‍ നികുതിയുടെ വെട്ടിപ്പും നടക്കുന്നുണ്ടോ എന്ന് ചിന്തിക്കണം.