ജമ്മു: സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ വിദേശ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ചൈനയുമായി, രഹസ്യവിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടോയെന്ന സംശയത്തിൽ ജമ്മു കശ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പിയെ നിയോഗിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ വിദേശ ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ജമ്മു താവി റെയിൽവേ സ്റ്റേഷനിൽവെച്ച് കഴിഞ്ഞ ബുധനാഴ്ച യുവതിയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അമ്മയ്ക്കും കുഞ്ഞിനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇവരെ തുടർന്ന് സമീപത്തെ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോയി. യുവതിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി പിടിച്ചെടുത്തതായും വിവരമുണ്ട്.
ഔദ്യോഗിക രഹസ്യനിയമം, ഭാരതീയ ന്യായസംഹിതയിലെ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടാക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ യുവതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണവുമായി സഹകരിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.
ചൈനയുമായുള്ള ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.