നേട്ടങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ച; ന്യൂമീഡിയ വിഭാഗവും ഉദ്യോഗസ്ഥരും ഉണ്ടായിട്ടും അപ്‌ഡേറ്റുകൾ പരിമിതം

എം. എസ്. സനിൽ കുമാർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് അഞ്ചു മാസം പിന്നിടുമ്പോഴും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ നിർജീവാവസ്ഥയിൽ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (ഐപിആർഡി) നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) ഹാൻഡിലുകളിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ വീഴ്ചയുണ്ടെന്ന വിമർശനം ഉയരുന്നത്.

സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വകുപ്പിന് കീഴിൽ ന്യൂമീഡിയ വിഭാഗവും ഡയറക്ടറുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമുണ്ടെങ്കിലും ഔദ്യോഗിക പേജുകളിൽ പതിവായ അപ്‌ഡേറ്റുകൾ ഉണ്ടാകുന്നില്ല. സർക്കാർ നടപ്പാക്കിയ പദ്ധതികൾ, ക്ഷേമപ്രവർത്തനങ്ങൾ, ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തീരുമാനങ്ങൾ എന്നിവ കൃത്യമായും സമയബന്ധിതമായും പ്രസിദ്ധീകരിക്കുന്നതിൽ വീഴ്ച തുടരുകയാണ്.

മുഖ്യമന്ത്രിയുടെ പ്രതിവാര വാർത്താസമ്മേളനങ്ങളും മന്ത്രിമാരുടെ വാർത്താസമ്മേളനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പ്രധാനമായും പേജുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനു പുറമെ മറ്റ് സർക്കാർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പരിമിതമാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പ്രസിദ്ധീകരിക്കുന്ന അതേ പോസ്റ്ററുകൾ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഹാൻഡിലുകളിലും പങ്കുവയ്ക്കുന്ന രീതിയാണ് സമീപകാലത്തും തുടരുന്നത്.

...........

അഞ്ചു മാസത്തിനിടെ 75 പോസ്റ്ററുകൾ മാത്രം

സർക്കാർ അധികാരമേറ്റ ശേഷമുള്ള അഞ്ചു മാസത്തിനിടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പേജുകളിൽ പ്രസിദ്ധീകരിച്ചത് ഏകദേശം 75 പോസ്റ്ററുകൾ മാത്രമാണെന്നാണ് കണക്ക്. ഇതിൽ 23 പോസ്റ്ററുകൾ പുതിയ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടവയാണ്. ശേഷിക്കുന്നവയിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉൾപ്പെടെയുള്ള അറിയിപ്പുകളുമുണ്ട്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ പുരോഗതി, വിവിധ വകുപ്പുകളുടെ നേട്ടങ്ങൾ, ക്ഷേമപദ്ധതികളുടെ വിശദാംശങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ക്രമബദ്ധമായ ആശയവിനിമയം പേജുകളിൽ കാര്യമായി കാണാനില്ല.

സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള പ്രധാന പൊതുജനസമ്പർക്ക സംവിധാനമാണ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ. എന്നാൽ ഈ സാധ്യത ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയാത്തത് സർക്കാർ പദ്ധതികളുടെ പ്രചാരണത്തെയും ജനങ്ങളുമായുള്ള ആശയവിനിമയത്തെയും ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാണ്.

.........

ന്യൂമീഡിയ വിഭാഗമുണ്ടായിട്ടും വീഴ്ച

ഐപിആർഡി ഡയറക്ടർക്കാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല. ഇതിനായി പ്രത്യേക വിഭാഗവും ഉദ്യോഗസ്ഥരും ഉണ്ടായിരിക്കെ പേജുകൾ സജീവമാക്കാൻ കഴിയാത്തത് വകുപ്പിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നു. സർക്കാരിന്റെ നയങ്ങളും പദ്ധതികളും നേട്ടങ്ങളും പൊതുജനങ്ങളിലെത്തിക്കേണ്ട സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.