ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണ സാഹചര്യങ്ങളിൽ നിയന്ത്രിക്കാനോ പരിധി നിശ്ചയിക്കാനോ കേന്ദ്രസർക്കാരിന് പദ്ധതിയില്ലെന്ന് റിപ്പോർട്ട്. എന്നാൽ പ്രകൃതിദുരന്തം പോലുള്ള അസാധാരണ സാഹചര്യങ്ങളിൽ വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടാകും.

വിമാനയാത്രാ നിരക്കുകൾ സംബന്ധിച്ച പുതിയ ചട്ടങ്ങൾ കേന്ദ്രസർക്കാർ തയ്യാറാക്കിവരികയാണ്. വിമാനക്കമ്പനികളുടെ സ്വതന്ത്ര നിരക്ക് നിർണയ സംവിധാനത്തിൽ ഇടപെടാതെ, യാത്രക്കാർക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

പുതിയ നയപ്രകാരം വിമാനക്കമ്പനികൾ പ്രവർത്തനച്ചെലവിന്റെ അടിസ്ഥാനത്തിൽ നിരക്കുകൾ നിശ്ചയിക്കണം. വിവിധ റൂട്ടുകളിലെ നിരക്കുകളുടെ പരിധി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) സമർപ്പിക്കണമെന്നും നിർദേശമുണ്ട്. സമർപ്പിച്ച പരമാവധി നിരക്കിനപ്പുറം യാത്രക്കാരിൽനിന്ന് തുക ഈടാക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളിൽ ഒരു റൂട്ടിൽ യാത്രക്കാരുടെ ആവശ്യം പെട്ടെന്ന് വർധിക്കുകയും വിമാന നിരക്കുകൾ കുത്തനെ ഉയരുകയും ചെയ്താൽ, പരിമിത കാലത്തേക്ക് നിരക്ക് നിയന്ത്രിക്കാൻ സർക്കാരിന് ഇടപെടാനാകും. അത്തരം നടപടികൾ പൊതുതാൽപര്യം സംരക്ഷിക്കുന്നതിനും യാത്രക്കാരെ അമിത നിരക്കുകളിൽനിന്ന് രക്ഷിക്കുന്നതിനുമാണെന്നാണ് വിശദീകരണം.

പുതിയ ചട്ടങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ ഭരണപരമായ അംഗീകാരം ലഭിച്ചതായും ഉടൻ പ്രസിദ്ധീകരിക്കുമെന്നുമാണ് റിപ്പോർട്ട്