ദോഹ: വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും പ്രതിരോധിക്കുന്നതിന് മാധ്യമസ്ഥാപനങ്ങളും സുരക്ഷാ ഏജൻസികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് ഖത്തറിൽ നടന്ന ചർച്ചയിൽ അഭിപ്രായമുയർന്നു.

ഖത്തർ പ്രസ് സെന്ററും ജോആൻ ബിൻ ജാസിം അക്കാദമി ഫോർ ഡിഫൻസ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച ചർച്ചയിലാണ് ഈ നിർദേശം ഉയർന്നത്. ദേശീയ പ്രതിരോധ കോളേജിലെ ഏഴാമത് നാഷണൽ ഡിഫൻസ് കോഴ്സിലെ അംഗങ്ങൾ, പത്രാധിപന്മാർ, സർക്കാർ-സുരക്ഷാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

നിർമിതബുദ്ധി, ഡിജിറ്റൽ സാങ്കേതികവിദ്യ, വിവരയുദ്ധം എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ ചർച്ചയായി. ഗൾഫ് ടൈംസ് എഡിറ്റർ ഇൻ ചീഫ് ഫൈസൽ അൽ മുദാഹ്ക വ്യാജപ്രചാരണങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.