കുവൈത്ത് സിറ്റി: യാത്രാവിലക്കുള്ള ഗൾഫ് രാജ്യത്തെ വനിതയ്ക്ക് കുവൈത്തിൽനിന്ന് കരമാർഗം പുറത്തുകടക്കാൻ അവസരമൊരുക്കിയെന്ന ആരോപണത്തിൽ അതിർത്തി ചെക്ക്പോസ്റ്റിലെ സർക്കാർ ജീവനക്കാരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തര മന്ത്രാലയമാണ് സംഭവത്തിൽ നിയമനടപടി സ്വീകരിച്ചത്.
യാത്രാനിരോധന പട്ടികയിൽ ഉൾപ്പെട്ടിരുന്ന വനിത രാജ്യത്തിന് പുറത്തേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ 1984ൽ ജനിച്ച ഒരു സർക്കാർ ജീവനക്കാരന്റെ ഇടപെടൽ സംബന്ധിച്ച് സംശയം ഉയർന്നു.
യാത്ര ചെയ്യാൻ നിയമപരമായി വിലക്കുള്ള വ്യക്തിയെ രാജ്യത്തിന് പുറത്തേക്ക് കടക്കാൻ സഹായിച്ചതാണ് ജീവനക്കാരനെതിരായ പ്രധാന ആരോപണം.
അതിർത്തി പരിശോധനാ നടപടികൾ മറികടന്ന് വനിതയ്ക്ക് എങ്ങനെ രാജ്യം വിടാൻ കഴിഞ്ഞുവെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്.