റിയാദ്: യെമൻ അതിർത്തിക്ക് സമീപം സൗദി അറേബ്യയുടെ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ജീവനക്കാർ മരിച്ചു. സൗദിയിലെ നജ്റാൻ മേഖലയിലാണ് സംഭവം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വിശദീകരണം. എന്നാൽ ഹെലികോപ്റ്റർ വെടിവെച്ചിട്ടതാണെന്ന് യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു.

ഒക്ടോബർ 18 ഞായറാഴ്ചയാണ് സൗദിയുടെ AH-6i ഹെലികോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും അപകടത്തിൽ മരിച്ചതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങളോ മരിച്ചവരുടെ പേരുകളോ പുറത്തുവിട്ടിട്ടില്ല.

ഹെലികോപ്റ്റർ തങ്ങൾ വെടിവെച്ചിട്ടതാണെന്നും അത് അപ്പാച്ചെ വിഭാഗത്തിൽപ്പെട്ടതാണെന്നും ഹൂതി വിമതർ അവകാശപ്പെട്ടു. എന്നാൽ ഹൂതികളുടെ അവകാശവാദം സൗദി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

സൗദി അറേബ്യയും ഹൂതി വിമതരും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് സംഭവം. മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുമെന്ന ആശങ്കയും ഇതോടെ ഉയർന്നിട്ടുണ്ട്.