ദുബായ്: യുഎഇയിലെ പുതുക്കിയ മൂല്യവർധിത നികുതി (വാറ്റ്) ചട്ടങ്ങൾ ഇന്ത്യൻ കമ്പനികളുടെ പ്രവർത്തനച്ചെലവും നികുതി പാലനഭാരവും വർധിപ്പിക്കുമെന്ന് വിലയിരുത്തൽ. ജീവനക്കാരുമായി ബന്ധപ്പെട്ട ചെലവുകൾക്ക് നികുതി തിരിച്ചുപിടിക്കാനുള്ള അവസരം പരിമിതപ്പെടുത്തിയതാണ് കമ്പനികളെ ആശങ്കയിലാക്കുന്നത്. നിർമാണം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ലോജിസ്റ്റിക്സ്, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ സ്ഥാപനങ്ങളെയാണ് മാറ്റങ്ങൾ കൂടുതൽ ബാധിക്കാൻ സാധ്യത.

ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ ചട്ടങ്ങളുടെ വിശദമായ വ്യവസ്ഥകൾ സെപ്റ്റംബർ 28നാണ് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി പ്രസിദ്ധീകരിച്ചത്. ചട്ടങ്ങൾ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് വ്യവസ്ഥകൾ പുറത്തുവന്നത് നിലവിലുള്ള കരാറുകളും ജീവനക്കാരുടെ ആനുകൂല്യങ്ങളും പുനഃപരിശോധിക്കാൻ കമ്പനികൾക്ക് വളരെ കുറച്ച് സമയം മാത്രമാണ് നൽകിയത്.

യുഎഇയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ജീവനക്കാരുടെ താമസം, യാത്ര, ഭക്ഷണം, മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ ചെലവുകളിൽ അടച്ച വാറ്റ് നികുതി തിരിച്ചുപിടിക്കാൻ മുമ്പുണ്ടായിരുന്ന സൗകര്യങ്ങൾ പുതിയ ചട്ടങ്ങൾ പരിമിതപ്പെടുത്തുന്നു. ഇതോടെ വലിയ തൊഴിലാളി നിരയുള്ള സ്ഥാപനങ്ങൾക്ക് വർഷം ലക്ഷക്കണക്കിന് ദിർഹത്തിന്റെ അധിക ചെലവ് ഉണ്ടാകാമെന്നാണ് നികുതി വിദഗ്ധരുടെ വിലയിരുത്തൽ.

യുഎഇയിലെ ആകെ കമ്പനികളിൽ ഏകദേശം 20–25 ശതമാനവും ഇന്ത്യൻ ഉടമസ്ഥതയിലുള്ളവയാണ്. 2025 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം 2.65 ലക്ഷത്തിലധികം ഇന്ത്യൻ കമ്പനികൾ യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ പുതിയ ചട്ടങ്ങൾ ഇന്ത്യൻ ബിസിനസുകളെ കാര്യമായി ബാധിക്കാനിടയുണ്ട്.