തിരുവനന്തപുരം: 2027 കലണ്ടർ വർഷത്തെ സർക്കാർ ഓഫീസുകൾക്കുള്ള പൊതു അവധി ദിനങ്ങൾ സംസ്ഥാന സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. പൊതുഭരണ (കോ-ഓർഡിനേഷൻ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഐ.എ.എസ് ഒപ്പുവെച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് (G.O.(P) No. 22/2026/GAD) അവധി പട്ടിക പ്രസിദ്ധീകരിച്ചത്.
സർക്കാർ ജീവനക്കാർക്ക് നിശ്ചയിച്ചിട്ടുള്ള 21 പൊതു അവധികൾക്ക് പുറമെ, എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും ഓഫീസുകൾക്ക് അവധിയായിരിക്കും. എന്നാൽ, 2027-ലെ കലണ്ടർ പരിശോധിക്കുമ്പോൾ ജീവനക്കാർക്ക് വലിയ നിരാശ നൽകുന്നതാണ് പല പ്രധാന ഉത്സവ ദിനങ്ങളും. തിരുവോണം, ഈസ്റ്റർ, സ്വാതന്ത്ര്യദിനം, വിജയദശമി എന്നിവയെല്ലാം ഞായറാഴ്ചകളിലാണ് വരുന്നത്.
2027 ലെ പൊതു അവധി ദിനങ്ങൾ (Closed Holidays)
സർക്കാർ ഓഫീസുകൾക്ക് പൂർണ്ണമായി അവധിയായിരിക്കുന്ന 21 പൊതു അവധി ദിനങ്ങൾ താഴെ പറയുന്നവയാണ്:
മന്നം ജയന്തി: 2027 ജനുവരി 2 (ശനി)
റിപ്പബ്ലിക് ദിനം: 2027 ജനുവരി 26 (ചൊവ്വ)
മഹാശിവരാത്രി: 2027 മാർച്ച് 6 (ശനി)
ഈദുൽ ഫിത്ർ (റംസാൻ)*: 2027 മാർച്ച് 10 (ബുധൻ)
പെസഹാ വ്യാഴം (Maundy Thursday): 2027 മാർച്ച് 25 (വ്യാഴം)
ദുഃഖവെള്ളി (Good Friday): 2027 മാർച്ച് 26 (വെള്ളി)
ഡോ. ബി.ആർ. അംബേദ്കർ ജയന്തി: 2027 ഏപ്രിൽ 14 (ബുധൻ)
വിഷു: 2027 ഏപ്രിൽ 15 (വ്യാഴം)
മേയ് ദിനം (May Day): 2027 മേയ് 1 (ശനി)
ബക്രീദ് (Id-ul-Ad'ha)*: 2027 മേയ് 17 (തിങ്കൾ)
മുഹറം*: 2027 ജൂൺ 15 (ചൊവ്വ)
കർക്കടക വാവ്: 2027 ഓഗസ്റ്റ് 2 (തിങ്കൾ)
ശ്രീകൃഷ്ണ ജയന്തി: 2027 ഓഗസ്റ്റ് 24 (ചൊവ്വ)
അയ്യങ്കാളി ജയന്തി: 2027 ഓഗസ്റ്റ് 28 (ശനി)
മൂന്നാം ഓണം: 2027 സെപ്റ്റംബർ 13 (തിങ്കൾ)
നാലാം ഓണം: 2027 സെപ്റ്റംബർ 14 (ചൊവ്വ)
ശ്രീനാരായണ ഗുരു ജയന്തി: 2027 സെപ്റ്റംബർ 15 (ബുധൻ)
ശ്രീനാരായണ ഗുരു സമാധി: 2027 സെപ്റ്റംബർ 22 (ബുധൻ)
ഗാന്ധി ജയന്തി: 2027 ഒക്ടോബർ 2 (ശനി)
ദീപാവലി: 2027 ഒക്ടോബർ 28 (വ്യാഴം)
ക്രിസ്മസ്: 2027 ഡിസംബർ 25 (ശനി)
(റംസാൻ, ബക്രീദ്, മുഹറം അവധികൾ ചന്ദ്രദർശനത്തിന് വിധേയമായി വ്യത്യാസപ്പെടാം).
ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വരുന്നതിനാൽ ഒഴിവാക്കിയ അവധികൾ
വാരാന്ത്യ പൊതു അവധി ദിനങ്ങളിൽ (രണ്ടാം ശനി, ഞായർ) വരുന്നതിനാൽ 7 പ്രധാന ആഘോഷ ദിനങ്ങൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
ഈസ്റ്റർ: 2027 മാർച്ച് 28 (ഞായറാഴ്ച)
നബിദിനം (Milad-i-Sherif): 2027 ഓഗസ്റ്റ് 14 (രണ്ടാം ശനിയാഴ്ച)
സ്വാതന്ത്ര്യദിനം: 2027 ഓഗസ്റ്റ് 15 (ഞായറാഴ്ച)
ഒന്നാം ഓണം: 2027 സെപ്റ്റംബർ 11 (രണ്ടാം ശനിയാഴ്ച)
തിരുവോണം: 2027 സെപ്റ്റംബർ 12 (ഞായറാഴ്ച)
മഹാനവമി: 2027 ഒക്ടോബർ 9 (രണ്ടാം ശനിയാഴ്ച)
വിജയദശമി: 2027 ഒക്ടോബർ 10 (ഞായറാഴ്ച)
ഓണക്കാലത്ത് തിരുവോണവും ഒന്നാം ഓണവും ശനി, ഞായർ ദിവസങ്ങളിൽ വരുന്നത് ജീവനക്കാരുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും അവധിക്കാല ആഹ്ളാദത്തിന് കുറവുണ്ടാക്കും. എന്നാൽ മൂന്നാം ഓണം, നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി എന്നിവ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി (സെപ്റ്റംബർ 13, 14, 15) തുടർച്ചയായി വരുന്നത് ഓണാവധിയുടെ ദീർഘത നിലനിർത്താൻ സഹായിക്കും.
നിയന്ത്രിത അവധികൾ (Restricted Holidays)
നിശ്ചിത വിഭാഗം ജീവനക്കാർക്ക് ഉപയോഗിക്കാവുന്ന നിയന്ത്രിത അവധികൾ താഴെ പറയുന്നവയാണ്:
അയ്യാ വൈകുണ്ഠ സ്വാമി ജയന്തി: 2027 മാർച്ച് 4 (വ്യാഴം) - നാടാർ സമുദായത്തിൽപ്പെട്ട സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും അധ്യാപകർക്കും.
ആവണി അവിട്ടം: 2027 ഓഗസ്റ്റ് 17 (ചൊവ്വ) - ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക്.
വിശ്വകർമ്മ ദിനം: 2027 സെപ്റ്റംബർ 17 (വെള്ളി) - വിശ്വകർമ്മ സമുദായത്തിൽപ്പെട്ട സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും അധ്യാപകർക്കും.
ഹോളി പ്രമാണിച്ച് ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 2027 മാർച്ച് 23 (ചൊവ്വാഴ്ച) അവധിയായിരിക്കുമെന്നും ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.