അബുദാബി: ആരോഗ്യസേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനിതകശാസ്ത്രം, ആധുനിക രോഗനിർണയ സാങ്കേതികവിദ്യകൾ എന്നിവയുടെ പ്രയോഗം ചർച്ച ചെയ്യുന്ന ഫ്യൂച്ചർ ഹെൽത്ത് ഉച്ചകോടി ഒക്ടോബർ 20ന് അബുദാബിയിൽ ആരംഭിക്കും.

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ ഒക്ടോബർ 22 വരെ നടക്കുന്ന സമ്മേളനത്തിൽ ആരോഗ്യരംഗത്തെ അന്താരാഷ്ട്ര വിദഗ്ധരും ഗവേഷകരും നിക്ഷേപകരും പങ്കെടുക്കും.

രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നതിന് മുമ്പുതന്നെ അപകടസാധ്യത തിരിച്ചറിയുന്നതിനും പ്രതിരോധ ചികിത്സാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പുതിയ സാങ്കേതികവിദ്യകളാണ് പ്രധാന ചർച്ചാവിഷയം.

അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി, ആസ്ട്രസെനെക സിഇഒ സർ പാസ്കൽ സോറിയോട്ട് ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.

രോഗപ്രതിരോധത്തിനും വ്യക്തിഗത ചികിത്സയ്ക്കും ആരോഗ്യ വിവരങ്ങളുടെ ശാസ്ത്രീയ വിശകലനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ ആരോഗ്യസംവിധാനങ്ങളാണ് സമ്മേളനം പരിഗണിക്കുന്നത്.