അബുദാബി: ആരോഗ്യ, മുനിസിപ്പാലിറ്റി, പരിസ്ഥിതി മേഖലകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി അബുദാബിയിലെ 66 ഉദ്യോഗസ്ഥർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു.
അബുദാബി അറ്റോർണി ജനറൽ അലി മുഹമ്മദ് അൽ ബലൂഷിയുടെ മുമ്പാകെയാണ് മൂന്ന് സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സത്യപ്രതിജ്ഞ ചെയ്തത്.
ആരോഗ്യ വകുപ്പ്, മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ്, പരിസ്ഥിതി ഏജൻസി–അബുദാബി എന്നിവിടങ്ങളിലെ ഇൻസ്പെക്ടർമാരും ഓഡിറ്റർമാരുമാണ് നിയമപരമായ പരിശോധനാ ചുമതല ഏറ്റെടുത്തത്.
തങ്ങളുടെ അധികാരപരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തെളിവുകൾ രേഖപ്പെടുത്തുന്നതിനും നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കുന്നതിനുമാണ് ഇവർക്ക് അധികാരം നൽകിയിരിക്കുന്നത്.
ആരോഗ്യസ്ഥാപനങ്ങൾ, മുനിസിപ്പൽ സേവനങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി സഹായിക്കും.