കുവൈത്ത് സിറ്റി: അന്താരാഷ്ട്ര കടപ്പത്ര വിപണിയിൽ 325 കോടി അമേരിക്കൻ ഡോളറിന്റെ കടപ്പത്രങ്ങൾ വിജയകരമായി പുറത്തിറക്കി കുവൈത്ത്. രണ്ട് വിഭാഗങ്ങളിലായാണ് അന്താരാഷ്ട്ര നിക്ഷേപകരിൽനിന്ന് തുക സമാഹരിച്ചത്.
ആദ്യ വിഭാഗത്തിൽ മൂന്നുവർഷ കാലാവധിയുള്ള 225 കോടി ഡോളറിന്റെ കടപ്പത്രങ്ങളാണ് പുറത്തിറക്കിയത്. അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ വരുമാനനിരക്കിനേക്കാൾ 75 ബേസിസ് പോയിന്റ് അധികമാണ് ഇതിന്റെ നിരക്ക്.
രണ്ടാമത്തെ വിഭാഗത്തിൽ പത്തുവർഷ കാലാവധിയുള്ള 100 കോടി ഡോളറിന്റെ കടപ്പത്രങ്ങളാണ് പുറത്തിറക്കിയത്. അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ നിരക്കിനേക്കാൾ 105 ബേസിസ് പോയിന്റ് അധികമാണ് ഈ വിഭാഗത്തിൽ നിശ്ചയിച്ചിരിക്കുന്നത്.
കടപ്പത്രങ്ങൾക്ക് അന്താരാഷ്ട്ര നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചു. നിക്ഷേപ അപേക്ഷകളുടെ ആകെ മൂല്യം പരമാവധി 910 കോടി ഡോളറിലധികമായി ഉയർന്നു. ഇത് പുറത്തിറക്കിയ കടപ്പത്രങ്ങളുടെ മൂല്യത്തിന്റെ ഏകദേശം 2.8 മടങ്ങാണ്.
നിക്ഷേപ വിഹിതത്തിൽ അസറ്റ് മാനേജർമാർക്ക് 39 ശതമാനവും ബാങ്കുകൾക്ക് 31 ശതമാനവും സ്ഥാപന നിക്ഷേപകർക്കും കേന്ദ്രബാങ്കുകൾക്കും 15 ശതമാനവും ലഭിച്ചു. ഹെഡ്ജ് ഫണ്ടുകൾക്ക് എട്ട് ശതമാനവും ഇൻഷുറൻസ്, പെൻഷൻ ഫണ്ടുകൾക്ക് ആറുശതമാനവുമാണ് വിഹിതം.
ഭൂമിശാസ്ത്രപരമായി യുകെ–യൂറോപ്യൻ നിക്ഷേപകർക്ക് 36 ശതമാനവും അമേരിക്കൻ മേഖലയ്ക്ക് 23 ശതമാനവും മധ്യപൂർവദേശം–വടക്കേ ആഫ്രിക്കയ്ക്ക് 19 ശതമാനവും ഏഷ്യയ്ക്ക് 12 ശതമാനവും വിഹിതം അനുവദിച്ചു.
അന്താരാഷ്ട്ര നിക്ഷേപസമൂഹത്തിന് കുവൈത്തിന്റെ സാമ്പത്തിക അടിത്തറയിലും ധനകാര്യ സ്ഥിരതയിലും വിശ്വാസമുണ്ടെന്നതിന്റെ തെളിവാണ് വിജയകരമായ കടപ്പത്രവിൽപ്പനയെന്ന് ധനമന്ത്രി ഡോ. യാഖൂബ് അൽ റിഫായി വ്യക്തമാക്കി.
പൊതുകടം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക വളർച്ചയും വൈവിധ്യവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി അറിയിച്ചു.
സിറ്റി, ഗോൾഡ്മാൻ സാക്സ്, എച്ച്എസ്ബിസി, ജെ.പി. മോർഗൻ, എസ്എംബിസി എന്നീ ബാങ്കുകളാണ് കടപ്പത്രവിൽപ്പനയുടെ പ്രധാന ഏകോപകരായി പ്രവർത്തിച്ചത്.