അതിരപ്പിള്ളി : വിനോദസഞ്ചാര കേന്ദ്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സഞ്ചാരികളുടെ തിരക്ക്. വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാതെ യാത്രക്കാർ നെട്ടോട്ടമോടി. രാവിലെ മുതൽ ഇവിടെ വൻ തിരക്കായിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര ജീവനക്കാർ ഇല്ലാതിരുന്നതും വാഹനം പാർക്ക് ചെയ്യാൻ ഗ്രൗണ്ടിൽ സൗകര്യങ്ങൾ കുറഞ്ഞതും സന്ദർശകരെ ദുരിതത്തിലാക്കി.പ്രവേശനകവാടം ജംക്‌ഷൻ മുതൽ വാഴച്ചാൽ വിനോദകേന്ദ്രം വരെയും ചാലക്കുടി ഭാഗത്തേക്ക് കണ്ണൻകുഴി പാലം വരെയുമുള്ള രണ്ടര കിലോമീറ്റർ ഭാഗത്ത് റോഡരികിലും വാഹനങ്ങൾ പാർക്ക് ചെയ്തു. വൈകിട്ട് മഴയും തിരക്കും വിനോദകേന്ദ്രം ജംക്‌ഷനിൽ ഗതാഗത സ്തംഭനത്തിന് വഴിയൊരുക്കി. അവധി ദിവസങ്ങളിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ വനംജീവനക്കാരെ ഏർപ്പെടുത്തുന്നില്ല.വനസംരക്ഷണ സമിതി അംഗങ്ങളും വിദ്യാർഥി സംഘടനകളുമാണ് പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്. തിരക്കിനിടയിലും സന്ദർശകർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു നടപടി ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. പ്രധാന വിനോദകേന്ദ്രമായ ഇവിടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.