ധാക്ക: അഴിമതി കേസിൽ ബംഗ്ലാദേശ് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ (റിട്ട.) ഷെയ്ഖ് അബ്ദുൽ ഹന്നാൻ ഖത്തറിൽ അറസ്റ്റിലായി. ഒക്ടോബർ 15ന് ഖത്തർ അധികൃതർ ഹന്നാനെ കസ്റ്റഡിയിലെടുത്തതായി ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ അറിയിച്ചു. ഇന്റർപോൾ വഴിയാണ് അറസ്റ്റിന്റെ വിവരം കമ്മീഷന് ലഭിച്ചത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നുമാണ് ഹന്നാനെതിരെയുള്ള പ്രധാന ആരോപണങ്ങൾ. അറിയപ്പെടുന്ന വരുമാനസ്രോതസ്സുകൾക്കപ്പുറം 3.28 കോടി ബംഗ്ലാദേശി ടാക്കിയുടെ സ്വത്ത് സമ്പാദിച്ചതായും ആറ് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലൂടെ 27.63 കോടി ടാക്കിയുടെ സംശയാസ്പദമായ ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് അഴിമതി വിരുദ്ധ കമ്മീഷന്റെ വിശദീകരണം.

ഹന്നാന്റെ ഭാര്യയും കേസിൽ പ്രതിയാണ്. ഭർത്താവിന്റെ സഹായത്തോടെ അറിയപ്പെടുന്ന വരുമാനസ്രോതസ്സുകൾക്കപ്പുറം 1.91 കോടി ടാക്കിയുടെ സ്വത്ത് സമ്പാദിച്ചതായും അവരുടെ പേരിലുള്ള 32 ബാങ്ക് അക്കൗണ്ടുകളിലൂടെ 1.18 കോടി ടാക്കിയുടെ സംശയാസ്പദമായ ഇടപാടുകൾ നടന്നതായും കമ്മീഷൻ ആരോപിക്കുന്നു.

കാനഡയിലും ദുബായിലും ഹന്നാന്റെ പേരിലുള്ളതായി ആരോപിക്കപ്പെടുന്ന വിദേശ സ്വത്തുക്കളും അന്വേഷണ പരിധിയിലുണ്ട്. മക്കളുടെ പേരിൽ മൂന്ന് രാജ്യങ്ങളിലായി രജിസ്റ്റർ ചെയ്ത സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹന്നാന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും രണ്ട് ഫ്ലാറ്റുകൾ കണ്ടുകെട്ടാനും ധാക്കയിലെ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ബംഗ്ലാദേശ് വ്യോമസേനയിൽ 1984ൽ പൈലറ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഹന്നാൻ 2021 ജൂൺ 12ന് വ്യോമസേനാ മേധാവിയായി ചുമതലയേറ്റു. 2024 ജൂൺ 11ന് വിരമിച്ചു. നിലവിൽ ഖത്തറിൽ അറസ്റ്റിലായതോടെ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി ബംഗ്ലാദേശ് അധികൃതർ നീക്കം നടത്തിവരികയാണ്.