ദുഷാൻബെ: ഭീകരവാദത്തെ നേരിടുന്നതിൽ ഇരട്ടത്താപ്പ് അനുവദിക്കാനാവില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവരെയും പിന്തുണയ്ക്കുന്നവരെയും സുരക്ഷിത താവളങ്ങൾ ഒരുക്കുന്നവരെയും ഒരുപോലെ നേരിടണമെന്നും ഭീകരവാദത്തിന്റെ മുഴുവൻ ശൃംഖലയും കൂട്ടായ്മയിലൂടെ തകർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) യോഗത്തിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ സന്നിഹിതനായിരിക്കെയായിരുന്നു രാജ്നാഥ് സിങ്ങിന്റെ പരാമർശം.
ഭീകരവാദം നിരപരാധികളുടെ ജീവനെടുക്കുന്നതിനു പുറമെ നിക്ഷേപത്തെയും വ്യാപാരത്തെയും തടസ്സപ്പെടുത്തുകയും സമൂഹത്തിൽ തീവ്രവാദ ചിന്തകൾ വളർത്തുകയും യുവാക്കളുടെ അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന് ഒരു സാഹചര്യത്തിലും ന്യായീകരണമില്ലെന്നും അതിനെ ചെറുക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയ രാജ്നാഥ് സിങ്, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ രാജ്യം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ചു. ഭീകരവാദത്തിന്റെ ഉറവിടങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികളിൽ നിന്ന് ഇന്ത്യ പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനത്തിനും സഹവർത്തിത്വത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെങ്കിലും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ പൂർണ സജ്ജമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
എസ്സിഒ യോഗത്തിന്റെ ഭാഗമായി താജിക്കിസ്ഥാൻ പ്രധാനമന്ത്രി ഖോഹിർ റസുൽസോദയുമായും ഇറാൻ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും താജിക്കിസ്ഥാനും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
പ്രാദേശിക സഹകരണം, സാമ്പത്തിക വികസനം, സുരക്ഷ, കണക്റ്റിവിറ്റി, നിക്ഷേപം, സാംസ്കാരിക വിനിമയം എന്നിവ ശക്തിപ്പെടുത്തുന്നതാണ് എസ്സിഒ യോഗത്തിന്റെ പ്രധാന അജണ്ട.