തിരുവനന്തപുരം: വർക്കലയിൽ 53 വയസ്സുള്ള ബ്രിട്ടീഷ് വനിതയെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതിയിൽ 28 വയസ്സുകാരനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പരാതി. സംഭവത്തിനിടെ പ്രതിയുടെ ചിത്രം വനിത പകർത്തിയിരുന്നു. ഈ ചിത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
വർക്കല സ്വദേശിയായ ഷഹദാണ് അറസ്റ്റിലായത്.
ഏകദേശം 20 വർഷമായി വർക്കലയിൽ താമസിക്കുന്ന ബ്രിട്ടീഷ് വനിത തിങ്കളാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വർക്കലയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന തന്റെ ഇരുചക്രവാഹനത്തിനടുത്തേക്ക് എത്തിയപ്പോഴാണ് അതിക്രമമുണ്ടായതെന്നാണ് ആരോപണം.
പാർക്ക് ചെയ്തിരുന്ന വാഹനത്തിന് സമീപം പ്രതി തന്നെ ആക്രമിക്കുകയും വസ്ത്രങ്ങൾ കീറുകയും അസഭ്യം പറയുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് വനിതയുടെ പരാതി.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.