​മലപ്പുറം: ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കാസർകോട്ടെത്തി പൊലീസിന്റെ പിടിയിലായി. ജിലാനി തങ്ങൾ എന്നറിയപ്പെടുന്ന ജസീൽ ആണ് പൊലീസിന്റെ പിടിയിലായത്.

​സംഭവത്തിന്റെ വിവരങ്ങൾ ഇങ്ങനെ:

മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കായി എത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രതി വിശ്വാസ്യത മുതലെടുത്ത് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടി വിവരം വീട്ടുകാരോട് വെളിപ്പെടുത്തിയതിനെത്തുടർന്ന് എടവണ്ണ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ പ്രതിക്കായി വ്യാപകമായ അന്വേഷണമാണ് നടത്തിവന്നിരുന്നത്.

​തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി കാസർകോട് ഭാഗത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന് മലമ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടവണ്ണ പൊലീസും നിലമ്പൂർ ജില്ലാ ഡിവൈഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്ന് കാസർകോട്ടേക്ക് എത്തിയത്.

കാസർകോട്ടെ ഒളിത്താവളത്തിൽ വെച്ച് സിനിമ സ്റ്റൈലിൽ നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പൊലീസ് വളഞ്ഞ് പിടികൂടിയത്.

​പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നറിയാൻ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.