ന്യൂഡൽഹി: ഡൽഹി മെട്രോയിലെ ജാമാ മസ്ജിദ് സ്റ്റേഷനിൽ സുരക്ഷാ പരിശോധനയ്ക്കിടെ സംശയാസ്പദമായ വസ്തു കൈവശം വെച്ചിരുന്ന പ്രവാസി ഇന്ത്യക്കാരനെ (എൻആർഐ) സിഐഎസ്എഫ് ജവാൻ പിന്തുടർന്ന് പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സുരക്ഷാ പരിശോധനയ്ക്കിടെ മെറ്റൽ ഡിറ്റക്ടർ കടന്ന് എസ്കലേറ്ററിലേക്ക് ഓടിപ്പോകാൻ ശ്രമിച്ച യാത്രക്കാരനെ സിഐഎസ്എഫ് ജവാൻ പിന്തുടരുകയായിരുന്നു. സംശയകരമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളെ പിന്തുടർന്നത്. തുടർന്ന് ഇയാളെ പിടികൂടി പരിശോധിച്ചപ്പോൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ അർധഖര രൂപത്തിലുള്ള ഒരു വസ്തു കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
കണ്ടെത്തിയ വസ്തു എന്താണെന്നും അത് കൈവശം വെച്ചതിന്റെ ഉദ്ദേശ്യം എന്താണെന്നും വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.