ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് അടിയിലൂടെ കടന്നുപോകുന്ന ഏഴ് പ്രധാന ഇന്റർനെറ്റ് കേബിളുകളെ പരാമർശിച്ച് പുതിയ ആക്രമണലക്ഷ്യങ്ങൾ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെയും ബാധിക്കാവുന്ന പുതിയ മുന്നറിയിപ്പ് ഉയർന്നിരിക്കുന്നത്.
ഐആർജിസി വക്താവ് ഹുസൈൻ മൊഹെബിയാണ് ഹോർമുസ് കടലിടുക്കിന് അടിയിലൂടെ ഏഴ് പ്രധാന ഇന്റർനെറ്റ് കേബിളുകൾ കടന്നുപോകുന്നതായി വ്യക്തമാക്കിയത്. പുതിയ ലക്ഷ്യങ്ങളും ആയുധങ്ങളും വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ടെഹ്റാനിലെ സേക്രഡ് ഡിഫൻസ് മ്യൂസിയത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രസ്താവന. ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഐബിയും പ്രസ്താവന പുറത്തുവിട്ടു.
ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന സമുദ്രാന്തർ കേബിളുകൾ വിവിധ രാജ്യങ്ങളുടെ ഇന്റർനെറ്റ്, ടെലികമ്യൂണിക്കേഷൻ, ബാങ്കിങ്, അന്താരാഷ്ട്ര ഡാറ്റാ കൈമാറ്റ സംവിധാനങ്ങളിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ്.
ഇവയ്ക്ക് ആക്രമണത്തിലൂടെ കേടുപാടുകൾ സംഭവിച്ചാൽ രാജ്യാന്തര ആശയവിനിമയ സംവിധാനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ പ്രത്യാഘാതങ്ങളുടെ വ്യാപ്തി കേബിളുകൾക്കുണ്ടാകുന്ന കേടുപാടുകളെയും ബദൽ ആശയവിനിമയ മാർഗങ്ങളുടെ ലഭ്യതയെയും ആശ്രയിച്ചിരിക്കും.
അമേരിക്കയുമായി ബന്ധമുള്ള സമുദ്രാന്തർ കേബിളുകൾ, ഡാറ്റാ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ എന്നിവയും സംഘർഷം രൂക്ഷമായാൽ ആക്രമണലക്ഷ്യങ്ങളാകാമെന്ന മുന്നറിയിപ്പ് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ നൽകിയിരുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ ഏഴ് കേബിളുകൾ ആക്രമിക്കപ്പെട്ടെന്നോ അവയുടെ പ്രവർത്തനം തടസ്സപ്പെട്ടെന്നോ സ്ഥിരീകരണമില്ല. പുതിയ ആക്രമണലക്ഷ്യങ്ങളെക്കുറിച്ചുള്ള ഇറാന്റെ മുന്നറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്.