ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങൾ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് 27 രാജ്യങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള 400-ലധികം ഇന്ത്യൻ വംശജ വിദ്യാർഥികളും ഗവേഷകരും പൂർവവിദ്യാർഥികളും രംഗത്ത്. പ്രതിഷേധക്കാർ ഇന്ത്യയെ അരാജകത്വത്തിലേക്ക് നയിക്കരുതെന്നും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും സംരക്ഷിക്കണമെന്നും ഇവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ ജനാധിപത്യ പ്രക്രിയകളെ ചോദ്യം ചെയ്യാനും അവയിൽ സംശയം ജനിപ്പിക്കാനുമുള്ള ബോധപൂർവമായ നീക്കമാണെന്നാണ് പ്രസ്താവനയിൽ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇവർ ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി ശക്തമായ ബന്ധം പുലർത്തുന്നവരാണ് പ്രസ്താവനയിൽ ഒപ്പിട്ടവരെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ള നീക്കങ്ങളിൽ ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിയും സ്വാതന്ത്ര്യവും സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇന്ത്യൻ വംശജരായ വിദ്യാർഥികളുടെയും അക്കാദമിക വിദഗ്ധരുടെയും സംയുക്ത പ്രസ്താവന പുറത്തുവന്നത്.