ന്യൂഡൽഹി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) പ്രമേയം ഇന്ത്യ തള്ളി. പാകിസ്ഥാൻ രാഷ്ട്രീയപ്രേരിത പ്രചാരണത്തിന് ഒഐസിയെ ഉപയോഗിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. ഒഐസി വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ ബാഗ്ദാദിൽ ചേർന്ന യോഗത്തിൽ അംഗീകരിച്ച പ്രമേികളിലെ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ അടിസ്ഥാനരഹിതവും പക്ഷപാതപരവും ദുരുദ്ദേശ്യപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാൻ ഒഐസിക്ക് അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്നും മന്ത്രാലയം ആവർത്തിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിൽ അടിസ്ഥാനസൗകര്യ വികസനം, വിനോദസഞ്ചാരം, ഗതാഗത ബന്ധങ്ങൾ എന്നിവയിലൂടെ സാമ്പത്തിക വളർച്ചയും ജനങ്ങൾക്ക് നേട്ടങ്ങളും ഉണ്ടായതായി ഇന്ത്യ അവകാശപ്പെട്ടു. അതേസമയം, പാകിസ്ഥാൻ അധീനതയിലുള്ള ജമ്മു കശ്മീർ മേഖലയിൽ പ്രതിഷേധക്കാർക്കെതിരെ അക്രമവും അടിച്ചമർത്തലും നടക്കുന്നുവെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ഒഐസി പ്രമേികളിലെ ഇസ്ലാമോഫോബിയ സംബന്ധിച്ച പരാമർശങ്ങളെയും ഇന്ത്യ വിമർശിച്ചു. സ്വന്തം രാജ്യത്തെ ന്യൂനപക്ഷ പീഡനവും വിഭാഗീയ അക്രമങ്ങളും ഭരണപരമായ വീഴ്ചകളും മറച്ചുവയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണിതെന്ന് മന്ത്രാലയം ആരോപിച്ചു.
ഒഐസി ഇത്തരം ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണ നൽകുന്നത് സംഘടനയുടെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.