ന്യൂഡൽഹി: ജീവനക്കാരുടെ വാർഷിക പ്രകടന വിലയിരുത്തലിന് പിന്നാലെ ആഗോളതലത്തിൽ ജോലി വെട്ടിക്കുറയ്ക്കാൻ പ്രമുഖ ചിപ്പ് നിർമാതാക്കളായ ക്വാൽകോം തീരുമാനിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റ്യാനോ അമോൺ ജീവനക്കാർക്ക് അയച്ച ആഭ്യന്തര മെമ്മോയിലാണ് പിരിച്ചുവിടൽ നടപടികളെക്കുറിച്ച് വ്യക്തമാക്കിയത്.

‘പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കുറയ്ക്കൽ’ എന്ന നിലയിലാണ് നടപടി നടപ്പാക്കുകയെന്നാണ് മെമ്മോയിൽ പറയുന്നത്. പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാർക്ക് 2026 നവംബറിൽ അറിയിപ്പുകൾ നൽകിത്തുടങ്ങും. എന്നാൽ എത്ര ജീവനക്കാരെ ഒഴിവാക്കുമെന്ന കൃത്യമായ കണക്ക് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ബിസിനസിന്റെ ആവശ്യങ്ങൾ, കമ്പനിയുടെ മുൻഗണനകൾ, ജീവനക്കാരുടെ കഴിവുകൾ എന്നിവ പരിഗണിച്ചായിരിക്കും നടപടി. ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിലേക്ക് കമ്പനിയുടെ ശ്രദ്ധ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്മാർട്ട്ഫോൺ വിപണിയിലെ വളർച്ച മന്ദഗതിയിലായതും മെമ്മറി ചിപ്പുകളുടെ വില വർധിച്ചതും ക്വാൽകോമിനെ ബാധിക്കുന്നുണ്ട്. അതേസമയം, ഡാറ്റാ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വളർച്ചയിലൂടെ വരുമാനത്തിലെ കുറവ് നികത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.