ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വന്തം ജ്യേഷ്ഠനായി കണ്ട് വിവാഹത്തിന് ക്ഷണിച്ച് കേരളത്തിൽ നിന്നൊരു യുവതി അയച്ച കത്ത് ദേശീയ തലത്തിൽ വലിയ ശ്രദ്ധ നേടുന്നു.
ആലുവ സ്വദേശിനിയായ അരുന്ധതിയാണ് തന്റെ ജീവിതത്തിലെ സുപ്രധാന വേളയായ വിവാഹത്തിലേക്ക് യു.പി. മുഖ്യമന്ത്രിക്ക് ഹൃദയസ്പർശിയായ രണ്ട് പേജുള്ള കൈപ്പടയിൽ കത്ത അയച്ചത്.
ചെറുപ്പകാലത്ത് തനിക്കുണ്ടായ ഒരു തിരിച്ചറിവും അതിന് കാരണക്കാരനായ യോഗി ആദിത്യനാഥിനോടുള്ള ആദരവുമാണ് കത്തിലൂടെ അരുന്ധതി പങ്കുവെച്ചിരിക്കുന്നത്.
ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് വിഷമിച്ച് കണ്ണീർ പൊഴിക്കുന്ന സ്വഭാവമായിരുന്നു തന്റേതെന്നും, ഇത് വലിയൊരു ബലഹീനതയാണെന്ന് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തിയിരുന്നതായും കത്തിൽ പറയുന്നു.
എന്നാൽ, ഒരു ദിവസം കസിൻ കാണിച്ചുകൊടുത്ത യോഗി ആദിത്യനാഥിന്റെ പഴയൊരു വീഡിയോ തന്റെ ചിന്താഗതിയെ പൂർണ്ണമായി മാറ്റിമറിച്ചതായി അരുന്ധതി വ്യക്തമാക്കുന്നു.
ആ വീഡിയോയിൽ യോഗി ആദിത്യനാഥ് വികാരാധീനനായി കാണപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഒരു വ്യക്തിക്ക് എത്രത്തോളം ശക്തനും ദൃഢചിത്തനുമായിരിക്കാമോ അത്രത്തോളം തന്നെ ആ വ്യക്തിക്ക് ആർദ്രമായ വികാരങ്ങളും ഉണ്ടാകാമെന്ന് തിരിച്ചറിഞ്ഞതായും കത്തിലുണ്ട്.
കണ്ണീര് ബലഹീനതയുടെ ലക്ഷണവുമല്ലെന്നും, യഥാർത്ഥ ശക്തി എന്നത് പ്രതിസന്ധികളെ നേരിട്ട് മുന്നോട്ട് പോകുന്നതിലാണെന്നുമുള്ള പാഠം തനിക്ക് ലഭിച്ചത് ആ അനുഭവത്തിലൂടെയാണെന്ന് അവർ കുറിച്ചു.
വരുന്ന ഡിസംബർ 20-ന് ആലുവയിലെ ഗ്രീൻ പാർക്ക് കൺവെൻഷൻ സെന്ററിൽ വെച്ചാണ് അരുന്ധതിയുടെയും രാഹുലിന്റെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ തിരക്കേറിയ ഔദ്യോഗിക തിരക്കുകൾ കാരണം ചടങ്ങിൽ പങ്കെടുക്കാൻ ഒരു പക്ഷേ സാധിക്കില്ലെങ്കിലും, അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ ആശംസകളും അനുഗ്രഹവും മാത്രം മതിയാകും ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന തങ്ങൾക്ക് അതെന്നും വിലമതിക്കാനാവാത്തതായിരിക്കുമെന്ന് അരുന്ധതി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ അതിർത്തികൾക്കപ്പുറം ഒരു സാധാരണ യുവതിയുടെ മനസ്സിൽ വലിയൊരു പ്രചോദനമായി മാറിയ യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള ഈ കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.