കാലിഫോർണിയ: അമേരിക്കൻ പൗരന്മാരല്ലാത്തിട്ടും വോട്ടർ രജിസ്ട്രേഷൻ നടത്തി 2024 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന ആരോപണത്തിൽ കാലിഫോർണിയയിൽ 28 ഗ്രീൻ കാർഡ് ഉടമകൾക്കെതിരെ കേസെടുത്തു. ഇവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ.) റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നീതിന്യായ വകുപ്പിന്റെ പ്രസ്താവന ഉദ്ധരിച്ചാണ് റിപ്പോർട്ട്.
അമൻദീപ് കൗർ (30), കമലേഷ് ഷാ (67) എന്നിവരാണ് കേസിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. അമേരിക്കൻ പൗരന്മാരല്ലാത്ത ഇവർ നിയമവിരുദ്ധമായി വോട്ടർ രജിസ്ട്രേഷൻ നടത്തി വോട്ട് ചെയ്തെന്നാണ് ആരോപണം.
‘ഓപ്പറേഷൻ പ്രൊട്ടക്റ്റ് ദ വോട്ട്’ എന്ന പേരിൽ കാലിഫോർണിയയിലുടനീളം പുലർച്ചെ നടത്തിയ പരിശോധനകളിൽ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അമൻദീപ് കൗറും കമലേഷ് ഷായും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ഗ്രീൻ കാർഡ് ഉടമകൾ അമേരിക്കയിൽ നിയമപരമായി സ്ഥിരതാമസത്തിന് അനുമതിയുള്ളവരാണെങ്കിലും, അമേരിക്കൻ പൗരത്വമില്ലാത്തതിനാൽ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അർഹരല്ല. കേസിലെ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതാണ്.