അതുമ്പുംകുളം: കാടിന്റെയും കാടിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും സംരക്ഷണം ലക്ഷ്യമാക്കി ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതുമ്പുംകുളം ഞള്ളൂരിൽ വന സംരക്ഷണ സമിതി (വിഎസ്എസ്) രൂപീകരണ ആലോചനാ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ ലീലാമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. ഐക്യ കർഷക സംഘം സംസ്ഥാന ജോയിന്റെ സെക്രട്ടറി രവി പിള്ള ഉദ്ഘാടനം ചെയ്തു. തുടർന്ന് വിഎസ്എസിന്റെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു. വനം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ കാടിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് വിഎസ.എസ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ക്ലാസ് നയിച്ച ഡി.എഫ്ഒ അഖിൽ ഗണേഷ് വിശദീകരിച്ചു. കാട് സംരക്ഷിക്കേണ്ടത് ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയല്ലെന്നും, അത് തദ്ദേശവാസികളുടെ കൂടി ഉത്തരവാദിത്തമാണെന്നുമുള്ള ജനകീയ പങ്കാളിത്തമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.കാട്ടുതീ തടയുക, അനധികൃത മരം വെട്ടലും നായാട്ടും ഇല്ലാതാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ തടഞ്ഞ് ജൈവവൈവിധ്യം നിലനിർത്തുക തുടങ്ങിയ കാര്യങ്ങളിൽ വനംവകുപ്പിന് കാവലായി നിൽക്കാൻ വിഎസ്എസിലൂടെ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ, ഇക്കോ ടൂറിസം പദ്ധതികൾ, തേൻ, കുന്തിരിക്കം, ഈറ്റ തുടങ്ങിയ ലഘു വനവിഭവങ്ങളുടെ വിപണനം എന്നിവയിലൂടെ തദ്ദേശവാസികൾക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാനും, കിടങ്ങുകളും ഫെൻസിങ്ങും സംരക്ഷിച്ച് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. യോഗത്തിൽ സലിൽ വയലാത്തല, ഷഹനാസ്, അരുൺ ലാൽ,വിദ്യ മോൾ, തോമസ് പാലമുട്ടിൽ, അംബുജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
കാട് സംരക്ഷിക്കേണ്ടത് ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയല്ല; വന സംരക്ഷണ സമിതി രൂപീകരണ ആലോചനാ യോഗം സംഘടിപ്പിച്ചു