ദോഹ: ഖത്തർ കമ്മ്യൂണിറ്റി കോളേജിന്റെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങിൽ 1,162 വിദ്യാർഥികൾ ബിരുദം നേടി. കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബിരുദദാന ബാച്ചാണിത്.

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

മാനേജ്മെന്റ് സയൻസ്, സയൻസ് ആൻഡ് ടെക്നോളജി, ലിബറൽ ആർട്സ് എന്നീ പഠനവിഭാഗങ്ങളിലെ 62 മികച്ച വിദ്യാർഥികളെ പ്രധാനമന്ത്രി ആദരിച്ചു. കോളേജ് പ്രസിഡന്റ് ഡോ. ഖാലിദ് അൽ ഹോർ ബിരുദങ്ങൾ വിതരണം ചെയ്തു.

സൈബർ സുരക്ഷ, ഇൻഫർമേഷൻ ടെക്നോളജി, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മേഖലകളിലെ പഠനപരിപാടികളുടെ പ്രാധാന്യം ചടങ്ങിൽ വിശദീകരിച്ചു.

പുനരധിവാസ–തിരുത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞുകൊണ്ട് പഠനം പൂർത്തിയാക്കിയ ആറുപേരും ഇത്തവണ ബിരുദം നേടിയവരിൽ ഉൾപ്പെടുന്നു.

2024ൽ 872 പേരും 2025ൽ 860 പേരുമാണ് കോളേജിൽനിന്ന് ബിരുദം നേടിയിരുന്നത്. ഇത്തവണ 1,162 പേരിലേക്ക് ഉയർന്നത് കോളേജിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ നേട്ടമായി.