കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു ഹോട്ടലിൽ നടന്ന സ്വകാര്യ ഒത്തുചേരലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 22 പേരെ അന്വേഷണത്തിന്റെ ഭാഗമായി പത്ത് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പൊതുമര്യാദ ലംഘനത്തിനും അശ്ലീല പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചതിനുമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലിൽ ഉച്ചത്തിലുള്ള സംഗീതവും ബഹളവും നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

ആദ്യഘട്ട പരിശോധനയിൽ 17 പേരെയാണ് പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അഞ്ചുപേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം 24 മണിക്കൂറിനുള്ളിൽ പിടികൂടിയതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.

സംഭവസ്ഥലത്ത് ചിലർ സ്ത്രീകളുടെ നൃത്തവസ്ത്രങ്ങൾ ധരിച്ചിരുന്നതായും പൊതുമര്യാദയ്ക്ക് വിരുദ്ധമായ സാഹചര്യങ്ങൾ കണ്ടെത്തിയതായും പ്രാഥമിക മാധ്യമവിവരങ്ങളിൽ പറയുന്നു. ചിലർ മദ്യത്തിന്റെയോ മറ്റു ലഹരിവസ്തുക്കളുടെയോ സ്വാധീനത്തിലായിരുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്.

അറസ്റ്റിലായവരിൽ ചിലർ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരാണെന്നും മുൻ പാർലമെന്റ് അംഗത്തിന്റെ മകനും ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രാഥമിക വിവരങ്ങളിൽ വ്യക്തമാക്കുന്നു.

കേസിൽ ഉൾപ്പെട്ട എല്ലാവരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി പത്ത് ദിവസത്തേക്ക് ജയിലിൽ റിമാൻഡ് ചെയ്യാനാണ് പ്രോസിക്യൂഷൻ നിർദേശിച്ചത്.