കുവൈത്ത് സിറ്റി: ഡിസംബർ 19 മുതൽ 23 വരെ കുവൈത്തിൽ നടക്കുന്ന സൗദി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പനയ്ക്കായി വെബുക്ക് (webook.com) ഡിജിറ്റൽ പ്ലാറ്റ്ഫോമിനെ ഔദ്യോഗിക പങ്കാളിയായി തെരഞ്ഞെടുത്തു.
അൽ റായ് മീഡിയ ഗ്രൂപ്പും അയ്യാൻ ലീസിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയും ചേർന്ന സംഘാടക സഖ്യമാണ് ടിക്കറ്റ് വിൽപ്പനയ്ക്കായി വെബുക്കുമായി ധാരണയിലെത്തിയത്.
കുവൈത്തിലെ ജാബർ അൽ അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. സൗദി അറേബ്യയിലെ അൽ നസർ, അൽ ഖുലൂദ്, അൽ അഹ്ലി, അൽ ഖാദിസിയ എന്നീ നാല് പ്രമുഖ ക്ലബ്ബുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്.
സൗദി ഫുട്ബോൾ ഫെഡറേഷന്റെയും അതിന്റെ വാണിജ്യ പങ്കാളിയായ SMC Vibes-ന്റെയും സഹകരണത്തോടെയാണ് ആദ്യമായി സൗദി സൂപ്പർ കപ്പ് കുവൈത്തിൽ സംഘടിപ്പിക്കുന്നത്.
വെബുക്കിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റുകൾ വാങ്ങാനും സീറ്റുകൾ തിരഞ്ഞെടുക്കാനും ടിക്കറ്റുകൾ ഡിജിറ്റൽ രീതിയിൽ കൈകാര്യം ചെയ്യാനും സൗകര്യമുണ്ടാകും.
അംഗീകൃത വ്യവസ്ഥകൾക്ക് വിധേയമായി ടിക്കറ്റുകൾ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിനും യോഗ്യതയുള്ള ടിക്കറ്റുകൾ ഔദ്യോഗിക സംവിധാനത്തിലൂടെ പുനർവിൽപ്പന നടത്തുന്നതിനും അവസരമൊരുക്കും.
അനധികൃത ടിക്കറ്റ് വിൽപ്പനയും കരിഞ്ചന്തയും തടയുന്നതിന് ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് ടൂർണമെന്റ് ഡയറക്ടർ ഖാലിദ് സലാഹ് അൽ സായർ വ്യക്തമാക്കി.
ടിക്കറ്റ് വാങ്ങുന്നതുമുതൽ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതുവരെയുള്ള നടപടികൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
വെബുക്ക് സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നദീം ബഖ്ഷ്, കുവൈത്തിലെ കായിക–വിനോദ പരിപാടികളിൽ കൂടുതൽ സഹകരണത്തിന് ഈ പങ്കാളിത്തം വഴിയൊരുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗൾഫ് മേഖലയിലെ പ്രമുഖ ക്ലബ്ബുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് കുവൈത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ പ്രാധാന്യമുണ്ട്.