കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർ വിവാഹത്തിനു മുമ്പുള്ള നിർബന്ധിത പരിശീലന പരിപാടി പൂർത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി പുറത്തിറക്കി. 2026-ലെ 122-ാം നമ്പർ നിയമ ഉത്തരവിലൂടെയാണ് വിവാഹ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തൽ നടപടികൾ പരിഷ്കരിച്ചിരിക്കുന്നത്.
2020-ലെ 10-ാം നമ്പർ സാക്ഷ്യപ്പെടുത്തൽ നിയമത്തിലെ അഞ്ച് വകുപ്പുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വിവാഹിതരാകുന്ന സ്ത്രീയും പുരുഷനും നിർബന്ധിത പരിശീലനം പൂർത്തിയാക്കിയെന്ന് ഉറപ്പാക്കിയശേഷം മാത്രമേ വിവാഹകരാർ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ.
പരിശീലനത്തിന്റെ പാഠ്യപദ്ധതി, കാലാവധി, പൂർത്തീകരണ നിബന്ധനകൾ, പരിശീലനം നൽകുന്ന സ്ഥാപനം എന്നിവ നീതിന്യായ മന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെ നിശ്ചയിക്കും.
നിയമത്തിലെ 13 മുകറർ (എ) വകുപ്പിലാണ് വിവാഹത്തിനു മുമ്പുള്ള പരിശീലനം നിർബന്ധമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ നിബന്ധന ലംഘിച്ച് വിവാഹകരാർ രജിസ്റ്റർ ചെയ്യുന്ന സർക്കാർ രേഖാസാക്ഷ്യപ്പെടുത്തൽ ഉദ്യോഗസ്ഥനോ അംഗീകൃത വിവാഹ രജിസ്ട്രാർക്കോ ഒരു വർഷം വരെ തടവും 1,000 കുവൈത്ത് ദിനാർ വരെ പിഴയും ലഭിക്കാം. രണ്ടിലൊരു ശിക്ഷ മാത്രം വിധിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
പരിശീലനം പൂർത്തിയാക്കാത്ത ദമ്പതികൾക്കല്ല, നിബന്ധന പാലിക്കാതെ വിവാഹം രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഈ ശിക്ഷ ബാധകമാകുന്നത്.
വിവാഹം, വിവാഹമോചനം, ദാമ്പത്യബന്ധം പുനഃസ്ഥാപിക്കൽ തുടങ്ങിയ വ്യക്തിനിയമ വിഷയങ്ങളിലെ രേഖകൾ അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയും വീഡിയോ ആശയവിനിമയ സംവിധാനങ്ങൾ വഴിയും സാക്ഷ്യപ്പെടുത്താനുള്ള വ്യവസ്ഥകളും ഭേദഗതിയിലുണ്ട്.
കമ്പനികളുടെ കരാറുകളും ബന്ധപ്പെട്ട രേഖകളും സാക്ഷ്യപ്പെടുത്തുന്നതിലെ ഇരട്ടനടപടികൾ ഒഴിവാക്കുന്നതിന് നീതിന്യായ മന്ത്രാലയവും വാണിജ്യ–വ്യവസായ മന്ത്രാലയവും തമ്മിലുള്ള ഇലക്ട്രോണിക് വിവരകൈമാറ്റം മെച്ചപ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.
വിവാഹബന്ധങ്ങളുടെ നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കുടുംബസ്ഥിരത ഉറപ്പാക്കുന്നതിനും രേഖകളുടെ സാക്ഷ്യപ്പെടുത്തൽ നടപടികൾ ലളിതമാക്കുന്നതിനുമാണ് നിയമപരിഷ്കാരം ലക്ഷ്യമിടുന്നത്.