കുവൈത്ത് സിറ്റി: ഗൾഫ് നാടക–ടെലിവിഷൻ രംഗത്തെ പ്രമുഖ കലാകാരിയും ഗായികയുമായ രജാ മുഹമ്മദ് (64) അന്തരിച്ചു. ഒക്ടോബർ 20 ചൊവ്വാഴ്ചയാണ് അവരുടെ നിര്യാണവാർത്ത പുറത്തുവന്നത്.
കുട്ടികളുടെ നാടകവേദിയിലും ടെലിവിഷൻ പരിപാടികളിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന രജാ മുഹമ്മദ്, അറബ് ലോകത്തെ ബാലനാടക പ്രവർത്തനങ്ങളുടെ ആദ്യകാല വളർച്ചയിൽ പങ്കുവഹിച്ച കലാകാരികളിലൊരാളാണ്.
1978ൽ പതിനാറാം വയസ്സിലാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്. അബ്ദുൽറഹ്മാൻ അൽ അഖൽ, ഇസ്തിഖ്ലാൽ അഹമ്മദ് എന്നിവർക്കൊപ്പം അഭിനയിച്ച 'സിൻബാദ് അൽ ബഹ്രി' എന്ന ബാലനാടകത്തിലൂടെയായിരുന്നു തുടക്കം.
തുടർന്ന് ഗൾഫിലെ ടെലിവിഷൻ നാടകങ്ങളിലും സംഗീത പരിപാടികളിലും സജീവമായി. കുട്ടികളുടെ പ്രശസ്ത വിദ്യാഭ്യാസ പരിപാടിയായ 'ഇഫ്തഹ് യാ സിംസിം' എന്ന അറബി പതിപ്പിലും ഗാനങ്ങൾ ആലപിച്ചു.
'ഖനാദീൽ അൽ അമൽ', 'അൽ ബിസാത്ത് അൽ സിഹ്രി', 'സലാമതക്', 'അഹ്ലാം സഗീറ' തുടങ്ങിയ പരിപാടികളിലെ പ്രകടനങ്ങളും ശ്രദ്ധേയമായി.
1983ൽ സംപ്രേഷണം ചെയ്ത 'ഖാലതി ഖുമാഷ' എന്ന പ്രശസ്ത ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചു. തുടർന്ന് 'സിൻഡ്രെല്ല' ഓപ്പററ്റയിലെ പ്രകടനത്തിനുശേഷം 1984ഓടെ കലാരംഗത്തുനിന്ന് പിന്മാറുകയായിരുന്നു.
ചുരുങ്ങിയ കാലം മാത്രമാണ് സജീവമായി അഭിനയിച്ചതെങ്കിലും ഗൾഫിലെ കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും മനസ്സിൽ ഇടംനേടിയ കലാകാരിയായിരുന്നു രജാ മുഹമ്മദ്.
നിര്യാണത്തിൽ കലാ–സാംസ്കാരിക രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.