കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വാണിജ്യ സ്ഥാപനമായ അലി അബ്ദുൽവഹാബ് അൽ മുതവ്വ കൊമേഴ്‌സ്യൽ കമ്പനി, ഓട്ടക്കാർക്കും കായികപ്രേമികൾക്കുമായി 'ഇന്റർസ്പോർട്ട് റൺ' (INTERSPORT Run) എന്ന പ്രത്യേക സ്റ്റോറിന്റെ ആദ്യ ശാഖ ആരംഭിച്ചു.

ഷഹീദ് പാർക്കിന്റെ മൂന്നാം ഘട്ടത്തിലാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്. ഓട്ടത്തിനുള്ള പ്രത്യേക ഷൂസുകൾ, കായിക വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് ഇവിടെ ലഭ്യമാക്കുന്നത്.

ഓട്ടത്തിൽ തുടക്കക്കാരായവർക്കും പരിചയസമ്പന്നരായ കായികതാരങ്ങൾക്കും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും സ്ഥാപനം പ്രാധാന്യം നൽകും.

ഉപഭോക്താക്കളുടെ കാലുകളുടെ ഘടന പരിശോധിച്ച് അനുയോജ്യമായ ഷൂസുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ആധുനിക ഫൂട്ട് സ്കാനിങ് സംവിധാനവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ട്.

ഓട്ടക്കാർക്കും പാർക്ക് സന്ദർശകർക്കും കുടിവെള്ളം നിറയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമായി പ്രത്യേക ഹൈഡ്രേഷൻ കോർണറും സജ്ജീകരിച്ചിട്ടുണ്ട്.

ഷഹീദ് പാർക്കിനുള്ളിൽ പതിവായി ഓട്ടമത്സരങ്ങളും കായിക കൂട്ടായ്മകളും സംഘടിപ്പിക്കാനും സ്ഥാപനത്തിന് പദ്ധതിയുണ്ട്.

പാർക്കിന്റെ മൂന്നാം ഘട്ടത്തിൽ ഏകദേശം 2,400 മീറ്റർ നീളമുള്ള ഓട്ടപ്പാതയും പച്ചപ്പുനിറഞ്ഞ തുറസ്സായ സ്ഥലങ്ങളുമുണ്ട്.

പുതിയ ശാഖയിലൂടെ ഓട്ടവും വ്യായാമവും ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം.