കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളുമായി വിദ്യാഭ്യാസ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. കുവൈത്തും ചൈനയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.

സെക്കൻഡറി വിദ്യാഭ്യാസരംഗത്ത് പുതുതായി നടപ്പാക്കുന്ന 'മസാറാത്ത്' വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചൈനീസ് ഭാഷയെ ഐച്ഛിക വിഷയമായി ഉൾപ്പെടുത്താനാണ് ആലോചന. വിദേശഭാഷാ പഠനത്തിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള പഠനവിഭാഗത്തിലായിരിക്കും ചൈനീസ് ഭാഷയ്ക്കും അവസരം ഒരുക്കുക.

വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ഭാഷകളിൽ കൂടുതൽ പ്രാവീണ്യം നേടാനും വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താനും സഹായിക്കുന്നതാണ് പദ്ധതി.

കുവൈത്തിന്റെയും ചൈനയുടെയും ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവ സംബന്ധിച്ച പഠനവിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നിർദേശമുണ്ട്. ഇതിലൂടെ ഇരുരാജ്യങ്ങളിലെയും വിദ്യാർഥികൾക്ക് പരസ്പര സാംസ്കാരിക പാരമ്പര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ അവസരമൊരുങ്ങും.

അധ്യാപകർക്കും വിദ്യാഭ്യാസരംഗത്തെ ജീവനക്കാർക്കും പരിശീലന പരിപാടികൾ, ശിൽപശാലകൾ, വാർഷിക വിദ്യാഭ്യാസ പരിശീലന പദ്ധതികൾ എന്നിവ സംഘടിപ്പിക്കുന്നതും സഹകരണ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

2026–2027 അധ്യയനവർഷത്തിൽ കുവൈത്ത് നടപ്പാക്കിയ പുതിയ സെക്കൻഡറി വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഭാഷകൾ ഉൾപ്പെടെ എട്ട് പഠനമേഖലകളാണ് നിലവിലുള്ളത്. ചൈനീസ് ഭാഷ ഇതിൽ ഉൾപ്പെടുത്തുന്നത് വിദ്യാർഥികൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകും.