കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമപരമായ പൗരത്വരേഖകളില്ലാതെ താമസിക്കുന്ന ബിദൂൻ വിഭാഗവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, ഭരണപരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ കുവൈത്ത് സർവകലാശാലാ പ്രതിനിധി സംഘവും സെൻട്രൽ ഏജൻസിയും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്തി.
നിയമവിരുദ്ധ താമസക്കാരുടെ പദവി സംബന്ധിച്ച പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സെൻട്രൽ ഏജൻസി മേധാവി സാലിഹ് അൽ ഫദാലയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്.
കുവൈത്ത് സർവകലാശാലയുടെ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. നൂറ അൽ സുവൈഹിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.
സെൻട്രൽ ഏജൻസിയുടെ ആക്ടിങ് സെക്രട്ടറി ജനറൽ ബ്രിഗേഡിയർ ഡോ. ഷെരീഫ് അൽ കന്ദരിയുടെ അധ്യക്ഷതയിൽ പ്രത്യേക ഏകോപനയോഗവും ചേർന്നു. ഏജൻസിയിലെ അസിസ്റ്റന്റ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും സർവകലാശാലാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ബിദൂൻ വിഭാഗത്തിലെ വിദ്യാർഥികളുമായി ബന്ധപ്പെട്ട അക്കാദമിക വിഷയങ്ങൾ, ഭരണപരമായ നടപടിക്രമങ്ങൾ, ഇരുസ്ഥാപനങ്ങളുടെയും പ്രവർത്തനമേഖലകളിൽ വരുന്ന പൊതുവിഷയങ്ങൾ എന്നിവയാണ് ചർച്ച ചെയ്തത്.
നിലവിൽ സെൻട്രൽ ഏജൻസി നൽകിവരുന്ന സേവനങ്ങളെയും സൗകര്യങ്ങളെയും കുറിച്ചുള്ള വിശദമായ അവതരണവും യോഗത്തിൽ നടത്തി.
വിദ്യാഭ്യാസ–ഭരണപരമായ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി.
പൊതുതാൽപര്യം മുൻനിർത്തി ഇരുസ്ഥാപനങ്ങളും സഹകരണം തുടരുമെന്നും പ്രവർത്തനങ്ങളിൽ കൂടുതൽ ഏകോപനം ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.