ന്യൂഡൽഹി: ഉയർന്ന സുരക്ഷയുള്ള ജയിലിൽ കഴിയുമ്പോഴും രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന കുറ്റകൃത്യ ശൃംഖലയുടെ നിയന്ത്രണം കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ലോറൻസ് ബിഷ്‌ണോയി വീണ്ടും വാർത്തകളിൽ. ബോളിവുഡ് താരങ്ങൾക്ക് നേരെയുള്ള ഭീഷണികളും ആക്രമണങ്ങളും, വിദേശത്തുള്ള സഹായികളുടെ പ്രവർത്തനങ്ങളും ബിഷ്‌ണോയിയുടെ സംഘത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

മുംബൈയിൽ നടൻ രൺവീർ സിങ്ങിന്റെ മാനേജർക്ക് ലഭിച്ച ശബ്ദസന്ദേശത്തിൽ 20 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പണം നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സന്ദേശത്തിൽ ഹാരി ബോക്സർ എന്ന പേര് പരാമർശിച്ചതായും റിപ്പോർട്ടിലുണ്ട്.

വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് കുറ്റകൃത്യങ്ങളിലേക്ക്

1993 ഫെബ്രുവരി 12ന് രാജസ്ഥാനിലെ ഫാസിൽക്ക ജില്ലയിൽ ജനിച്ച ലോറൻസ് ബിഷ്‌ണോയി 2010ൽ ചണ്ഡീഗഢിലെ ഡിഎവി കോളജിൽ പഠനം ആരംഭിച്ചു. പഞ്ചാബ് സർവകലാശാലയിലെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഗോൾഡി ബ്രാറുമായി പരിചയപ്പെട്ടത്. ക്യാമ്പസ് സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിന്നീട് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടു. 2014ൽ രാജസ്ഥാൻ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ബിഷ്‌ണോയി അറസ്റ്റിലായി.

ജയിലിലായിരിക്കെ തന്നെ കുറ്റകൃത്യ ശൃംഖല വിപുലീകരിച്ചെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. കൊള്ളയടിക്കൽ, അതിർത്തി കടന്നുള്ള കള്ളക്കടത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന രീതിയിലുള്ള ശൃംഖലയാണ് ഇയാൾ വളർത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.

കൃഷ്ണമൃഗ വേട്ടക്കേസും സൽമാൻ ഖാനുമായുള്ള വൈരവും

1998ൽ ജോധ്പൂരിൽ സിനിമാ ചിത്രീകരണത്തിനിടെ സൽമാൻ ഖാൻ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്ന കേസാണ് ബിഷ്‌ണോയി സംഘത്തിന്റെ സൽമാൻ ഖാനോടുള്ള വൈരത്തിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കൃഷ്ണമൃഗത്തെ വിശുദ്ധമായി കാണുന്ന ബിഷ്‌ണോയി സമുദായത്തിന്റെ വികാരങ്ങളാണ് സംഘത്തിന്റെ പ്രചാരണങ്ങളിൽ ഉപയോഗിക്കപ്പെടുന്നതെന്നാണ് വിലയിരുത്തൽ.

2018ൽ സൽമാൻ ഖാന്റെ വസതിക്ക് സമീപം നിരീക്ഷണം നടത്തിയെന്നാരോപിച്ച് ബിഷ്‌ണോയിയുടെ അനുയായി സമ്പത്ത് നെഹ്‌റ അറസ്റ്റിലായിരുന്നു. സൽമാൻ ഖാനെതിരായ ഭീഷണികൾ തുടർന്നും ഉയർന്നുവന്നിട്ടുണ്ട്.

രാജ്യാന്തര ബന്ധങ്ങളും മുംബൈയിലെ ആക്രമണങ്ങളും

2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊല്ലപ്പെട്ട സംഭവത്തിൽ ഗോൾഡി ബ്രാർ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ബിഷ്‌ണോയിയുമായി ചേർന്നാണ് പ്രവർത്തിച്ചതെന്നും ബ്രാർ അവകാശപ്പെട്ടിരുന്നു.

2023ൽ കാനഡയിലെ സർറിയിൽ ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കാനഡയിലെ അന്വേഷണ ഉദ്യോഗസ്ഥർ ബിഷ്‌ണോയി സംഘത്തിന് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചതായും റിപ്പോർട്ട് പറയുന്നു. ഇന്ത്യ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

2024ൽ എൻസിപി നേതാവ് ബാബ സിദ്ദിഖ് കൊല്ലപ്പെട്ട സംഭവത്തിലും ബിഷ്‌ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സൽമാൻ ഖാനുമായുള്ള സിദ്ദിഖിന്റെ അടുപ്പമാണ് ആക്രമണത്തിന് കാരണമായി സംഘത്തിന്റെ ഭാഗത്തുനിന്ന് സൂചിപ്പിക്കപ്പെട്ടത്.

ജയിലിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്നുവെന്ന ആരോപണം

ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ബിഷ്‌ണോയി പുറത്തുള്ള സഹായികളിലൂടെ സംഘത്തെ നിയന്ത്രിക്കുന്നുവെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം. വിദേശത്തുള്ള സംഘാംഗങ്ങൾ, എൻക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങൾ, സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം എന്നിവയിലൂടെ ശൃംഖല പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്.

അതേസമയം, ബിഷ്‌ണോയിയും ഗോൾഡി ബ്രാറും തമ്മിലുള്ള ബന്ധം പിന്നീട് തകർന്നതായും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ബിഷ്‌ണോയിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളുണ്ടെങ്കിലും കൊലപാതകക്കേസുകളിൽ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.