ന്യൂഡൽഹി: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ ‘സാഹബ്’ എന്ന് അഭിസംബോധന ചെയ്ത ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ പരാമർശം വിവാദത്തിൽ. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയാണ് പഴയ വാർത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ച് പൊലീസിനെ വിമർശിച്ചത്.
കുറ്റവാളികളെ ആദരവോടെ അഭിസംബോധന ചെയ്യുമ്പോൾ വിദ്യാർഥികളോടും പ്രതിഷേധക്കാരോടും പൊലീസ് വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നതെന്തിനാണെന്ന് ദിപ്കെ ചോദ്യം ചെയ്തു. കുറ്റവാളികളോടുള്ള പൊലീസിന്റെ ഭാഷയും പെരുമാറ്റവും പ്രതിഷേധക്കാർക്കെതിരായ നടപടികളും തമ്മിലുള്ള വ്യത്യാസമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
വിവാദമായ വീഡിയോ ഒരു വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശം നാവുപിഴ മാത്രമായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
വീഡിയോ വീണ്ടും പ്രചരിച്ചതോടെ പൊലീസിന്റെ ഭാഷാപ്രയോഗവും കുറ്റവാളികളോടും പ്രതിഷേധക്കാരോടുമുള്ള സമീപനവും സംബന്ധിച്ച് ചർച്ചകൾ ഉയർന്നിട്ടുണ്ട്.