മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡിന്റെ പരിശീലനത്തിനിടെ രണ്ട് സൈനികർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ബന്നിമന്റപ്പിലാണ് സൈനികരുടെ മോട്ടോർസൈക്കിളുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
ആർമി സർവീസ് കോർപ്സിന്റെ ‘ടൊർണാഡോസ്’ സംഘത്തിലെ സൈനികരാണ് അപകടത്തിൽപ്പെട്ടത്. പരേഡിനായി ഉയർന്ന വേഗത്തിൽ നടത്തിയിരുന്ന പ്രത്യേക അഭ്യാസത്തിനിടെ രണ്ട് മോട്ടോർസൈക്കിളുകളും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരും ബൈക്കുകളിൽനിന്ന് താഴെ വീണു.
പരിക്കേറ്റ സൈനികരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരുടെ പരിക്കുകളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദസറ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന പരിപാടികളിലൊന്നാണ് ബന്നിമന്റപ്പിലെ ടോർച്ച് ലൈറ്റ് പരേഡ്. സൈനികരുടെ മോട്ടോർസൈക്കിൾ അഭ്യാസങ്ങളും കൃത്യതയാർന്ന പ്രകടനങ്ങളും പരേഡിന്റെ പ്രധാന ആകർഷണമാണ്.