എം.എസ്. സനിൽകുമാർ

തിരുവനന്തപുരം: മലയാള സമകാലിക സാഹിത്യരംഗത്തെയും വായനാസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ഉണ്ണി ആറിനെതിരെ അതീവ ഗുരുതരമായ കഥാമോഷണ ആരോപണം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഉണ്ണി ആർ രചിച്ച് പ്രസിദ്ധീകരിച്ച 'ശാർദ്ദൂല നിഗ്രഹം' എന്ന കഥ, താൻ നേരത്തെ എഴുതി കലാകൗമുദിയിൽ അച്ചടിച്ചുവന്ന 'ഒറ്റയ്‌ക്കൊരു സ്ത്രീ' എന്ന കഥയുടെ തുടക്കവും കേന്ദ്ര ആശയവും അതേപടി പകർത്തിയതാണെന്ന് കാണിച്ച് എഴുത്തുകാരൻ ബി.എൻ. റോയ് രംഗത്തെത്തി.

മാതൃഭൂമി പത്രാധിപ സമിതിക്ക് താൻ നേരത്തെ അയച്ചുകൊടുത്ത കഥയുടെ ഇ-മെയിൽ തെളിവുകളും ഇരു കഥകളുടെയും പ്രാരംഭ ഭാഗങ്ങളും നിരത്തി ബി.എൻ. റോയ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച തുറന്നെഴുത്ത് ഇതിനകം സാംസ്‌കാരിക-സാഹിത്യ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

മാതൃഭൂമിക്ക് അയച്ചു, മറുപടിയില്ല; ഒടുവിൽ കലാകൗമുദിയിൽ അച്ചടിച്ചു. 2025 സെപ്റ്റംബർ 16-നാണ് 'ഒറ്റയ്‌ക്കൊരു സ്ത്രീ' എന്ന കഥ പ്രസിദ്ധീകരണത്തിനായി ബി.എൻ. റോയ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഔദ്യോഗിക ഇ-മെയിലിലേക്ക് അയച്ചുകൊടുക്കുന്നത്. രണ്ടു മാസം കഴിഞ്ഞിട്ടും പത്രാധിപ സമിതിയിൽ നിന്ന് യാതൊരു മറുപടിയോ പ്രതികരണമോ ലഭിക്കാത്തതിനെത്തുടർന്ന്, 2025 ഡിസംബർ ആദ്യവാരം റോയ് ഈ രചന 'കലാകൗമുദി' ആഴ്ചപ്പതിപ്പിന് നൽകുകയായിരുന്നു. 2026 ജനുവരി 11-18 ലക്കത്തിൽ മനോഹരമായ ചിത്രീകരണങ്ങളോടെ കലാകൗമുദി ഈ കഥ പ്രസിദ്ധീകരിക്കുകയും വായനക്കാർക്കിടയിൽ അത് വലിയ തോതിൽ പ്രശംസിക്കപ്പെടുകയും ചെയ്തു.

വായനക്കാരെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രമേയ സാമ്യമാണ് ഇരു കഥകളും തമ്മിലുള്ളതെന്നാണ് സാഹിത്യ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. എല്ലാ ആഴ്ചകളിലും ഒരേ കത്തി വിൽപ്പനക്കാരന്റെ പക്കലെത്തി പുതിയ കത്തികൾ വാങ്ങുന്ന വിചിത്ര സ്വഭാവമുള്ള ഒരു യുവതിയും, അവളോട് ഇതിന്റെ കാരണം ചോദിച്ചറിയാൻ ശ്രമിക്കുന്ന വിൽപ്പനക്കാരനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

ബി.എൻ. റോയിയുടെ കഥയുടെ അതേ പശ്ചാത്തലവും തുടക്കവുമാണ് മാസങ്ങൾക്ക് ശേഷം മാതൃഭൂമിയിൽ വന്ന ഉണ്ണി ആറിന്റെ 'ശാർദ്ദൂല നിഗ്രഹം' എന്ന കഥയിലും കാണാൻ സാധിക്കുന്നത്. പുതിയ കാലത്തിന്റെ ജനപ്രിയ എഴുത്തുകാരനും സിനിമാലോകത്ത് പേരെടുത്ത വ്യക്തിയുമായ ഉണ്ണി ആറിനെപ്പോലൊരാൾ, വളർന്നുവരുന്ന ഒരു എഴുത്തുകാരന്റെ കഥാപാത്രത്തെയും സന്ദർഭത്തെയും സ്വന്തം പേരിലേക്ക് എങ്ങനെ സ്വാംശീകരിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ പരാതികൾ പങ്കുവെക്കുന്ന ശൈലി തനിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബി.എൻ. റോയ് നിലപാട് വ്യക്തമാക്കിയത്. 'ഒരേ ആശയമുള്ള കഥ ആദ്യം മാതൃഭൂമിയുടെ ഡെസ്‌കിന് മുന്നിലെത്തിയിട്ടും എന്നെ തഴഞ്ഞിട്ട്, അതേ ആശയം പറഞ്ഞ മറ്റൊരാൾക്ക് അവസരം നൽകിയതിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നിലപാട് എന്താണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത് മനഃപൂർവ്വമായ അപഹരണമാണെങ്കിൽ എന്നോട് മാത്രമല്ല, എഴുത്തുകാരോടും അനുവാചകരോടും ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പറയാതിരിക്കാൻ വയ്യ.' - ബി.എൻ. റോയ് ഫേസ്ബുക്കിൽ കുറിച്ചു.

മാതൃഭൂമിക്ക് കഥ അയച്ചതിന്റെ ഔദ്യോഗിക സ്‌ക്രീൻഷോട്ടുകളും ഇരു കഥകളുടെയും ഉള്ളടക്കവും റോയ് ഫേസ്ബുക്കിൽ പങ്കെവെച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരുടെ പേരുകൾ മാത്രം നോക്കി ഉള്ളടക്കം തിരഞ്ഞെടുക്കുകയും, സാധാരണക്കാരായ എഴുത്തുകാരുടെ മൗലിക രചനകൾ ഡെസ്‌കുകളിൽ വെച്ചുതാമസിപ്പിച്ച് ആശയങ്ങൾ ചോർത്തുകയും ചെയ്യുന്ന രീതി ചില പ്രസിദ്ധീകരണങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന ആക്ഷേപം മുൻപും മലയാള സാഹിത്യത്തിൽ ഉയർന്നിട്ടുണ്ട്.

വിഷയത്തിൽ ഉണ്ണി ആറോ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സമിതിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.