ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിക്കാവിലുള്ള കള്ളുഷാപ്പിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഷാപ്പിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിലായി.

ക്ലാപ്പന വരവിള നല്ലവീട്ടിൽ പടീറ്റതിൽ ആദിത്യൻ(26), ചങ്ങൻകുളങ്ങര ചാലിയപ്പാട്ട് തെക്കേത്തറയിൽ അഖിൽ(29), കെ.എസ് പുരം ആദിനാട് നോർത്ത് വാഴപ്പള്ളിത്തറയിൽ സിദ്ധാർത്ഥ്(23) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഷാപ്പിൽ ഗൂഗിൾ പേ സൗകര്യം ലഭ്യമല്ലാത്തതിനെ ചൊല്ലി കള്ളുഷാപ്പ് ജീവനക്കാരനുമായി പ്രതികൾ തർക്കിക്കുകയും ഇയാളെ ചീത്തവിളിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആണ് പ്രതികൾ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രതികൾ ചേർന്ന് യുവാവിനെ ഒടിഞ്ഞ ഡെസ്‌കിന്റെ കാലുകൊണ്ട് മർദ്ദിക്കുകയും തള്ളി താഴെയിട്ട് ചവിട്ടുകയും കള്ള്കുപ്പികൊണ്ട് തലയിൽ അടിക്കുകയും ചെയ്യ്തു. തുടർന്ന് ഷാപ്പിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്നാണ് പ്രതികളെ പിടിച്ചുമാറ്റിയത്. ഇതിനിടയിൽ പ്രതികൾ ഷാപ്പിലെ മേശയും കസേരകളും ഗ്ലാസുകളും മറ്റും തകർക്കുകയും ചെയ്യ്തു. യുവാവിന്റെ പരാതിയിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത ഓച്ചിറ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓച്ചിറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷമീറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സി.പി.ഓ അഫ്‌സൽ, ഉമേഷ്, വൈശാഖ്, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.