ദുബായ്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, റോഡപകടങ്ങൾ എന്നിവ തടയുന്നതിന്റെ ഭാഗമായി ദുബായ് പൊലീസ് സംഘടിപ്പിച്ച രണ്ട് ബോധവത്കരണ പരിപാടികളിലൂടെ ഏകദേശം 2,850 പേർക്ക് പ്രയോജനം ലഭിച്ചു.
ജബൽ അലിയിലും ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലുമാണ് തൊഴിലാളികളെ കേന്ദ്രീകരിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്. ദുബായ് പൊലീസിന്റെ പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പൊലീസ് സ്റ്റേഷനുകൾ, ജബൽ അലി പൊലീസ് സ്റ്റേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ.
ജബൽ അലി വാട്ടർഫ്രണ്ടിലെ അജാദ മേഖലയിലും ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലെ എസ്.കെ. ലേബർ ക്യാമ്പിലുമുള്ള തൊഴിലാളികൾ പങ്കെടുത്തു.
സൈബർ സുരക്ഷാ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഓൺലൈൻ തട്ടിപ്പുകളുടെ രീതികൾ, വ്യാജ സന്ദേശങ്ങൾ തിരിച്ചറിയൽ, സാമ്പത്തിക വിവരങ്ങളുടെ സുരക്ഷ, റോഡ് സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നൽകി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസി തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ–ജീവിത സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.