മെൽബൺ: കാർ ഇടിച്ചുണ്ടായ സംഭവത്തിൽ ഓസ്‌ട്രേലിയൻ സ്വതന്ത്ര പാർലമെന്റ് അംഗം ഹെലൻ ഹെയ്‌ന്‍സിന് ഗുരുതര പരിക്ക്. വിക്ടോറിയ സംസ്ഥാനത്തെ വാംഗരട്ടയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്വന്തം മണ്ഡല ഓഫീസിന് പുറത്ത് വെച്ചാണ് 65കാരിയായ എംപിയെ കാർ ഇടിച്ചത്. സംഭവത്തിന് പിന്നിൽ മനഃപൂർവമായ ആക്രമണമാകാമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.

വാംഗരട്ടയിലെ മർഫി സ്ട്രീറ്റിലുള്ള ഓഫീസിന് പുറത്ത് പ്രാദേശിക സമയം വൈകിട്ട് 3.35നാണ് സംഭവം. വെളുത്ത ടൊയോട്ട ലാൻഡ് ക്രൂസർ എംപിയെ ഇടിക്കുകയായിരുന്നു. ആദ്യം വാംഗരട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹെയ്‌ന്‍സിനെ പിന്നീട് ഹെലികോപ്റ്ററിൽ മെൽബണിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ ടാറവിഞ്ചി പട്ടണത്തിൽ നിന്നുള്ള 43കാരനെ വഴിയാത്രക്കാരൻ തടഞ്ഞുവെക്കുകയും തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാറിൽ നിന്ന് കത്തി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

സംഭവം മനഃപൂർവമായ ആക്രമണമാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. എംപിയും പ്രതിയെന്ന് സംശയിക്കുന്നയാളും തമ്മിൽ മുൻപരിചയമുണ്ടോയെന്ന കാര്യവും വ്യക്തമല്ല. നിലവിൽ സമൂഹത്തിന് തുടർന്നുള്ള ഭീഷണിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഭീകരവിരുദ്ധ പൊലീസ് വിഭാഗവും അന്വേഷണത്തിൽ പങ്കാളികളാണ്. സംഭവത്തിന്റെ പിന്നിലെ ഉദ്ദേശ്യം ഇപ്പോൾ വ്യക്തമല്ലെന്ന് പ്രധാനമന്ത്രി ആൽബനീസ് പറഞ്ഞു. എന്നാൽ ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ വർധിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ നേതാക്കൾക്കെതിരായ ഭീഷണികളും ഉപദ്രവങ്ങളും സംബന്ധിച്ച പരാതികൾ കഴിഞ്ഞ വർഷം 951ൽ നിന്ന് 1,067 ആയി ഉയർന്നതായി ആഭ്യന്തര മന്ത്രി ടോണി ബർക്ക് അറിയിച്ചു.

സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.