Breaking news

ദുബായ്: ഒട്ടകങ്ങളുടെ ക്ലോണിങ് വിജയശതമാനം വർധിപ്പിക്കാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞൻ ഡോ. ബിനോയ് സെബാസ്റ്റ്യൻ വെട്ടിക്കൽ. ഒട്ടകങ്ങളുടെ പ്രജനനവുമായി ബന്ധപ്പെട്ട എട്ടുവർഷത്തെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ച പുതിയ ഗണിത മാതൃകയാണ് ആഗോള ശ്രദ്ധ നേടുന്നത്.

ദുബായ് റീപ്രൊഡക്റ്റീവ് ബയോടെക്നോളജി സെന്ററിലെ ഗവേഷകനായ ഡോ. ബിനോയ്, ഒട്ടകങ്ങളുടെ ക്ലോണിങ് പ്രക്രിയയിൽ ഭ്രൂണങ്ങൾ നഷ്ടപ്പെടുന്നതിന് പിന്നിലെ കാലാവസ്ഥാ ഘടകങ്ങൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ച് ഏപ്രിൽ മാസത്തിൽ ഭ്രൂണം നിക്ഷേപിക്കുമ്പോൾ ഗർഭധാരണ നിരക്ക് ഗണ്യമായി കുറയുന്നതായി പഠനത്തിൽ കണ്ടെത്തി. കടുത്ത ചൂട് ഭ്രൂണം സ്വീകരിക്കുന്ന ഒട്ടകങ്ങളുടെ ശരീരത്തെ ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

ഈ പ്രതിഭാസത്തെ ‘ഏപ്രിൽ വാൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. അണ്ഡത്തിന്റെയോ ഭ്രൂണത്തിന്റെയോ ഗുണനിലവാരത്തിലെ കുറവല്ല, മറിച്ച് ചൂട് മൂലമുണ്ടാകുന്ന കാലാവസ്ഥാ സമ്മർദമാണ് ഗർഭധാരണ നിരക്ക് കുറയാൻ കാരണമാകുന്നതെന്നാണ് ഗവേഷണത്തിന്റെ കണ്ടെത്തൽ.

എട്ടുവർഷത്തെ വിവരങ്ങൾ വിശകലനം ചെയ്തതിലൂടെ ഹോർമോൺ ഉത്തേജനത്തിന് ശേഷം ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള അണ്ഡങ്ങൾ ലഭിക്കുന്ന കാലയളവ് ഫെബ്രുവരിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുതിയ ഗണിത മാതൃക ഉപയോഗിച്ച് ക്ലോണിങ് ലാബുകളിലെ പ്രവർത്തനങ്ങൾ അനുയോജ്യമായ മാസങ്ങളിലേക്ക് ക്രമീകരിക്കാനും ഏപ്രിലിൽ ഭ്രൂണ നിക്ഷേപം ഒഴിവാക്കുന്നതിലൂടെ നഷ്ടം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

കോട്ടയം അരുവിത്തുറ സ്വദേശിയായ ഡോ. ബിനോയ് കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ കരിയർ ആരംഭിച്ച അദ്ദേഹം ഇടുക്കി മാട്ടുപ്പെട്ടിയിൽ ഭ്രൂണമാറ്റ ഗവേഷണങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. പിന്നീട് യുഎഇയിലെ ഒട്ടക പ്രജനന ഗവേഷണ രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.