ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകനും കൺവീനറുമായ അഭിജീത് ദിപ്കെ, പാർട്ടിയുടെ സഹകൺവീനർമാരായ ആശുതോഷ് റങ്കയും സൗരവ് ദാസുമാണ് പ്രക്ഷോഭത്തിന്റെ യഥാർഥ തീരുമാനമെടുക്കുന്നവരെന്ന് വെളിപ്പെടുത്തി. താൻ അവരുടെ നിർദേശങ്ങൾ അനുസരിച്ചാണ്പ്രവർത്തിച്ചിരുന്നതെന്നും ദിപ്കെ പറഞ്ഞു.

ദസറ ദിനത്തിൽ എക്സിൽ പങ്കുവെച്ച 16 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് ദിപ്കെയുടെ വെളിപ്പെടുത്തൽ. ജയിലിലുള്ള റങ്കയും ദാസും തനിക്ക് സഹോദരങ്ങളെപ്പോലെയാണെന്നും പ്രക്ഷോഭത്തെ മുന്നോട്ടുകൊണ്ടുപോയത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

ദസറ സന്ദേശത്തിൽ, ദീപാവലി വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിജെപിക്ക് പദ്ധതിയില്ലെന്നും ദിപ്കെ അറിയിച്ചു. ‘കോക്ക്റോച്ചുകൾ’ എന്ന് പാർട്ടി അനുയായികൾ സ്വയം വിശേഷിപ്പിക്കുന്നവരോട് താൽക്കാലികമായി വിശ്രമിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അദ്ദേഹം അഭ്യർഥിച്ചു.

അതേസമയം, സിജെപിയുടെ പ്രതിഷേധങ്ങളെ ഫ്രാൻസിൽ നടന്ന തീവെപ്പ്, കലാപ സംഭവങ്ങളുമായി താരതമ്യം ചെയ്യുന്നതിനെയും ദിപ്കെ തള്ളി. പ്രക്ഷോഭത്തിന്റെ സ്വഭാവവും ലക്ഷ്യവും അത്തരം സംഭവങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.