സംഭരണവും ചരക്ക് കൈകാര്യം ചെയ്യലും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ നിർമ്മാതാക്കൾ, വ്യാപാരികൾ, ഉൽപ്പാദകർ, ലോജിസ്റ്റിക്സ് മേഖലയിലുള്ളവർ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ എന്നിവർക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്ക് നിർദേശം.
തിരുവനന്തപുരം: റെയിൽവേ ഭൂമിയിൽ റെയിൽവേയുമായി ബന്ധിപ്പിച്ച ചരക്ക് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ താൽപ്പര്യപത്രങ്ങൾ ക്ഷണിച്ചു. വെയർഹൗസുകൾ, ശീതസംഭരണ കേന്ദ്രങ്ങൾ, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനാണ് പദ്ധതിയിൽ സാധ്യതയുള്ളത്.
തിരുവനന്തപുരം ഡിവിഷന്റെ വാണിജ്യ വിഭാഗം ആവിഷ്കരിച്ച പദ്ധതിയിലൂടെ ചരക്കുകളുടെ സംഭരണം, കൈകാര്യം ചെയ്യൽ, വിതരണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇതുവഴി വ്യാപാരികൾക്കും ഉൽപ്പാദകർക്കും റെയിൽവേ ഗതാഗതം കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ചെറിയ ചരക്ക് കയറ്റങ്ങൾ ഒരുമിച്ചുചേർത്ത് തുടർഗതാഗതത്തിന് സൗകര്യമൊരുക്കാനും വിവിധ മേഖലകളിലേക്കുള്ള ചരക്ക് നീക്കങ്ങൾ മെച്ചപ്പെടുത്താനും ഇത്തരം കേന്ദ്രങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.