ദോഹ: സൗദി അറേബ്യയിലെ റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകളുടെ താൽക്കാലിക നിർത്തിവെക്കൽ ഒക്ടോബർ 24 വരെ നീട്ടിയതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.

ജിദ്ദയിലേക്കുള്ള പ്രതിദിന വിമാനസർവീസുകളുടെ എണ്ണം ഏഴിൽനിന്ന് നാലായും കുറച്ചു. സൗദി അറേബ്യയിലേക്കുള്ള വിമാനസർവീസുകളുടെ പുതുക്കിയ സമയക്രമത്തിന്റെ ഭാഗമായാണ് മാറ്റം.

നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്തിന്റെ നിശ്ചിത പുറപ്പെടൽസമയത്തിന് 48 മണിക്കൂർ മുമ്പുള്ള കാലയളവിൽ വിമാനക്കമ്പനിയെ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

വിമാനസർവീസുകളുടെ സമയക്രമത്തിൽ ഇനിയും മാറ്റങ്ങൾ സംഭവിക്കാമെന്നും അതിനാൽ യാത്രക്കാർ ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ വിവരങ്ങൾ പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സൗദി അറേബ്യ വഴിയുള്ള തുടർയാത്രകൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ പ്രവാസികളടക്കമുള്ള യാത്രക്കാരെ ബാധിക്കാവുന്ന പ്രധാന മാറ്റമാണിത്.